Connect with us

National

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷക റാലി; അണിനിരന്നത് ഒന്നര ലക്ഷത്തോളം പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരായി ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച് വന്‍ റാലി.കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്ര. സീതാറാം യെച്ചൂരി, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാഫൂഖ് അബ്ദുല്ല, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്, തൃണമൂല്‍ കോണ്‍. നേതാവ് ജനാര്‍ദനന്‍ ത്രിവേദി തുടങ്ങിയവര്‍ റാലിക്കെത്തി.

കര്‍ഷകര്‍ ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ അതിസമ്പന്നരായ 15 പേരുടെ 3.5 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ പ്രധാന മന്ത്രി നരേന്ദ്ര മോദി കര്‍ഷകരോട് അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നില്ല. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വിലയെങ്കിലും ലഭ്യമാക്കണം. കര്‍ഷകരുടെ കഠിനാധ്വാനത്തിന് കിട്ടുന്ന പണമെല്ലാം അംബാനിയുടെ പോക്കറ്റിലേക്കാണ് ഇട്ടുകൊടുക്കുന്നത്. മോദി ഭരണത്തില്‍ കര്‍ഷകരുടെ ദുരിതങ്ങളും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം പണിയലല്ല, കാര്‍ഷിക വായ്പ എഴുതിത്തള്ളുകയാണ് തങ്ങള്‍ക്കു വേണ്ടതെന്ന മുദ്രാവാക്യവുമായി രാംലീല മൈതാനത്തു നിന്നു തുടങ്ങിയ മാര്‍ച്ചില്‍ ഒന്നര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ തലസ്ഥാനത്തെത്തിയ കര്‍ഷകര്‍ രാംലീല മൈതാനത്തു കേന്ദ്രീകരിച്ച ശേഷം ഇന്നു രാവിലെ മാര്‍ച്ച് ആരംഭിക്കുകയായിരുന്നു.

കാര്‍ഷിക വിളകള്‍ക്കു ആദായകരമായ വില ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 207 കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്.
മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും കൈയിലേന്തി പച്ച വസ്ത്രം ധരിച്ചാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ചിനെത്തിയത്. മറ്റുള്ളവര്‍ ചുവന്ന തൊപ്പിയും വസ്ത്രങ്ങളുമണിയുകയും ചുവപ്പ് കൊടികള്‍ പിടിക്കുകയും ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ മാലയാക്കി കഴുത്തിലണിഞ്ഞവരും കൂട്ടത്തിലുണ്ടായിരുന്നു. ദുരിതം മൂലം ആത്മഹത്യ ചെയ്ത തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചിത്രങ്ങളുമായാണ് തെലുങ്കാനയില്‍ നിന്നുള്ള ഒരു വിഭാഗം സ്ത്രീകളെത്തി. മാര്‍ച്ച് പാര്‍ലിമെന്റ് സ്ട്രീറ്റിലേക്ക് പ്രവേശിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ നഗ്നരായാണു നീങ്ങിയത്.

ഡല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥികള്‍, എസ് എഫ് ഐ, ഐസ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരെത്തി കര്‍ഷകര്‍ക്ക് ഭക്ഷണവും താമസ സൗകര്യവുമൊരുക്കി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡോക്ടര്‍
മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കലാകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ എത്തിയിരുന്നു.