Connect with us

Kozhikode

ചര്‍ച്ചിലിനെ വീഴ്ത്തുമോ ഗോകുലം; കോഴിക്കോട്ട് ഫുട്‌ബോള്‍ ആവേശം.....

Published

|

Last Updated

കോഴിക്കോട്: ഐ ലീഗ് ഫുട്ബാളില്‍ ഗോകുലം കേരള എഫ് സി ഇന്ന് കരുത്തരായ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ഏറ്റുമുട്ടും. അവസാനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെ സ്വന്തം തട്ടകത്തില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം കേരള എഫ് സി ഇന്ന് കളത്തിലിറങ്ങുന്നത്. വൈകീട്ട് അഞ്ചിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റ് നേടിയ ഗോകുലം പോയിന്റു പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. രണ്ടു വിജയവും രണ്ടു സമനിലയും പിടിച്ച ഗോകുലം ചെന്നൈ സിറ്റിയോടു പരാജയപ്പെട്ടിരുന്നു. കരുത്തരായ മോഹന്‍ബഗാനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചര്‍ച്ചില്‍ കേരളത്തെ നേരിടാനെത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ചര്‍ച്ചില്‍ ടീമിന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലായിരുന്നു പരിശീലനം.

ടീം മികച്ച പരിശീലനം നടത്തിയെന്നും കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ചുവപ്പ്കാര്‍ഡ് കണ്ട് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ മുഡ്ഡൈ മൂസ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്. കഴിഞ്ഞദിവസം രണ്ട് കളിക്കാരുമായി ഗോകുലം കരാറിലൊപ്പിട്ടിട്ടുണ്ട്.
വിംഗര്‍ പൊസിഷനില്‍ കളിക്കുന്ന തൃശൂര്‍ സ്വദേശി പി എ നാസര്‍, ഘാന കൗമാരതാരം ക്രിസ്ത്യന്‍സബ എന്നിവരാണ് ടീമിനൊപ്പം ചേര്‍ന്നത്.

Latest