മാസങ്ങളായി കമ്പനി ശമ്പളം നല്‍കുന്നില്ല; ഏഴ് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയില്‍ ബന്ദികളാക്കി

Posted on: November 30, 2018 4:14 pm | Last updated: November 30, 2018 at 7:18 pm

ന്യൂഡല്‍ഹി: കമ്പനി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച്
ഏഴ് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയില്‍ ബന്ദികളാക്കിയതായി വിവരം. ഇന്ത്യന്‍ കമ്പനിയായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് (ഐ എല്‍ ആന്‍ഡ് എഫ് എസ്) എന്ന സ്ഥാപനത്തിലാണ് സംഭവം. മാസങ്ങളോളമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് എത്യോപ്യക്കാരായ ജീവനക്കാരാണ് ഇന്ത്യക്കാരെ തടഞ്ഞുവെച്ചിരിക്കുന്നത്. നീരജ് രഘുവംശി, നാഗരാജ് ബിഷ്ണു, സുഖ്‌വിന്ദര്‍ സിംഗ് ഖോഖര്‍, ഖുറം ഇമാം, ചൈതന്യ ഹരി, ഭാസ്‌കര്‍ റെഡ്ഢി, ഹരീഷ് ബണ്ഡി എന്നിവരാണ് നവം: 24 മുതല്‍ തടവില്‍ കഴിയുന്നത്.

എത്യോപ്യയിലെ ഒറോമിയ, അമാരാ എന്നിവിടങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ഇവരെ പുറത്തേക്കു പോകാനോ അവശ്യസാധനങ്ങള്‍ വാങ്ങാനോ സമ്മതിക്കുന്നില്ലെന്നും വിവരമുണ്ട്. സഹായമഭ്യര്‍ഥിച്ച് ഇന്ത്യന്‍ എംബസി, വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് സന്ദേശമയച്ചിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ദികളിലൊരാള്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്നാല്‍, പ്രശ്‌നം പരിഹരിക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി പറയുന്നു.

സ്പാനിഷ് കമ്പനിയുമായി ചേര്‍ന്ന് സംയുക്തമായി നടത്തുന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയവരെയാണ് പദ്ധതികളില്‍ ചിലത് റദ്ദാക്കിയതിനെ തുടര്‍ന്ന് ബന്ദികളാക്കിയത്. ഇന്ത്യയില്‍ നിന്ന് പണമെത്താത്തതാണ് ശമ്പളം മുടങ്ങാന്‍ ഇടയാക്കിയതെന്നാണ് അറിയുന്നത്. മാസങ്ങളോളമായി നികുതി അടയ്ക്കാതിരിക്കുകയും ജീവനക്കാരുടെ പെന്‍ഷന്‍ നല്‍കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ റിസര്‍വ് ബേങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.