ദി പ്രൊഫറ്റിക് കേഴ്‌സ്; ലഹരിവഴികളെ തുറന്നുകാട്ടി മലയാളി വിദ്യാര്‍ഥിയുടെ ഇംഗ്ലീഷ് നോവല്‍

Posted on: November 30, 2018 11:37 am | Last updated: November 30, 2018 at 11:38 am
പുസ്തകത്തിന്റെ പുറംകവര്‍. ഇന്‍സെറ്റില്‍ നോവലിസ്റ്റ് അര്‍ജുന്‍വൈശാഖ്.

ലഹരി വഴികളിലേക്ക് കൗമാരം മയങ്ങിവീഴുന്നത് അതിവേഗത്തിലാണ്. ലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. നേരത്തെ യുവാക്കള്‍ക്കിടയിലായിരുന്നു ലഹരി പടര്‍ന്നിരുന്നതെങ്കില്‍ ഇന്ന് അത് പെണ്‍കുട്ടികള്‍ അടക്കം സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കഴിഞ്ഞു. സാഹചര്യങ്ങളും മോശം കൂട്ടുകെട്ടുകളാണ് കൗമാരക്കാരെ ലഹരിയിലെത്തിക്കുന്നത്. ഒരു കൗതുകത്തിന് വേണ്ടിയോ നൈമിഷിക സുഖത്തിന് വേണ്ടിയോ തുടങ്ങുന്ന ഈ ശീലം പിന്നീട് പറിച്ചുമാറ്റപ്പെടാനാകാത്തവിധം ശരീരത്തോട് ചേരുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തില്‍ കൗമാരക്കാര്‍ ലഹരിവഴികളില്‍ എത്തിപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് ആലുവ സ്വദേശിയും കോഴിക്കോട്ട് താമസക്കാരനുമായ അര്‍ജുന്‍ വൈശാഖ് എന്ന 23 കാരന്റെ ഇംഗ്ലീഷ് നോവലായ ദി പ്രൊഫറ്റിക് കേഴ്സ്.

ലഹരിവലകളില്‍ കൗമാരം കുടുങ്ങുന്നത് എങ്ങനെയെന്നും അതിന് അവര്‍ക്ക് പ്രചോദനം നല്‍കുന്നത് എന്തൊക്കെയെന്നും നോവല്‍ അടിവരയിടുന്നു. മധ്യവര്‍ഗത്തിലെ കുടുംബത്തില്‍ നിന്നുള്ള നിരവധി കുട്ടികള്‍ പഠിക്കുന്ന നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ പഠനകാലത്ത് ലഹരികൂട്ടുകെട്ടില്‍ കുടുങ്ങിയ അനുഭവത്തില്‍ നിന്നാണ് അര്‍ജുന്‍ വൈശാഖ് ഇത്തരമൊരു നോവല്‍ രചിക്കുന്നത്. താന്‍ അതില്‍ നിന്ന് മോചനം നേടിയെങ്കിലും തന്നെപ്പോലുള്ള ഒരു പാട് വിദ്യാര്‍ഥികള്‍ ഈ വലക്കണ്ണികളില്‍ നിന്ന് മോചനം ലഭിക്കാതെ പിടിവിട്ട് അലയുന്നുവെന്ന് അര്‍ജുന്‍ പറയുന്നു.

മാതാപിതാക്കള്‍ നല്‍കുന്ന അമിത സ്വാതന്ത്ര്യവും വാത്സല്യവും ആഡംബര ജീവിത രീതികളുമാണ് പലപ്പോഴും കുട്ടികളെ ലഹരിവഴികളിലേക്ക് എത്തിക്കുന്നതെന്ന് നോവല്‍ ചൂണ്ടിക്കാട്ടുന്നു. മക്കള്‍ എന്ത് ആവശ്യപ്പെട്ടാലും വാങ്ങിനല്‍കാനും ആവശ്യമുള്ളതിലുമപ്പുറം പണം നല്‍കി അവരെ സ്നേഹിക്കാനും മാതാപിതാക്കള്‍ തുടങ്ങുമ്പോഴാണ് ലഹരിയുടെ പിശാചുക്കള്‍ അവരില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതെന്ന് നോവലിലെ അനുഭവസാക്ഷ്യം.

ലഹരിക്കടിമപ്പെടുന്നവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുടെ തട്ടിപ്പുകളും നോവലില്‍ അനാവരണം ചെയ്യുന്നുണ്ട്. ഡിഅഡിക്ഷന്‍ സെന്ററുകളുടെ മറവില്‍ നടക്കുന്നത് വന്‍ തട്ടിപ്പാണെന്നാണ് നോവല്‍ തുറന്നെഴുതുന്നു. ഉയര്‍ന്ന ഡോസിലുള്ള സെഡേഷന്‍ മരുന്നുകള്‍ കുത്തിവെച്ച് ആളെ മയക്കിക്കിടത്തുന്നതിലപ്പുറം ശരിയായ ഡിഅഡിക്ഷന്‍ ചികിത്സകള്‍ ഭൂരിഭാഗം സെന്ററുകള്‍ക്കും അന്യമാണ്. വലിയതുകയാണ് ഡിഅഡിക്ഷന്റെ പേരില്‍ പല സെന്ററുകളും ഇരകളില്‍ നിന്ന് പിഴിയുന്നത്.

ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് ശൃംഖലകള്‍ പെണ്‍കുട്ടികളെ അടക്കം വലവീശിപ്പിടിക്കുന്ന രീതികളും നോവലില്‍ പറയുന്നുണ്ട്. നോവലിലെ മുഖ്യ കഥാപാത്രമായ രാഹുലിന്റെ പെണ്‍സുഹൃത്ത് അയേഷ ലഹരിവഴിയില്‍ എത്തിപ്പെടുന്നതും ഒടുവില്‍ നൈമിഷിക സുഖത്തിന് വേണ്ടി ശരീരം വില്‍ക്കാന്‍ തയ്യാറാകുന്നതും എല്ലാം നോവലില്‍ വരച്ചുകാട്ടുന്നു. പല കഥാസന്ദര്‍ഭങ്ങളും യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് രചയിതാവായ അര്‍ജുന്‍ വൈശാഖ് പറയുന്നു. ലഹരിയെന്ന ശാപമല്ല, ജീവിതമാണ് യഥാര്‍ഥ ലഹരിയെന്ന അനുഭവപാഠവും അര്‍ജുന്‍ പങ്കുവെക്കുന്നുണ്ട്.

263 പേജ് വരുന്ന നോവല്‍ യുഎസിലെ ഫ്രോഗ് ബുക്സിന്റെ അനുബന്ധ സ്ഥാപനമായ മുംബൈയിലെ ലീഡ് സ്റ്റാര്‍ട്സ് പബ്ലിഷേഴ്സാണ് പുറത്തിറക്കിയത്. തൃശൂര്‍ ചേതന കോളജിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡക്ഷന്‍ കോഴ്‌സ് വിദ്യാഥിയാണ് അര്‍ജുന്‍. പറയത്തക്ക അക്കാഡമിക് യോഗ്യതകള്‍ ഒന്നുമില്ലാത്ത ഒരു മലയാളി വിദ്യാര്‍ഥിയുടെ ഇത്രയും കനപ്പെട്ട ഇംഗ്ലീഷ് നോവല്‍ ഒരുപക്ഷേ ഇതാദ്യമായിരിക്കും.

നോവലിന്റെ ഇ-പതിപ്പും ക്വിന്‍ഡില്‍ പതിപ്പും ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. 299 രൂപയാണ് ഇ-പതിപ്പിന്റെ വില. ക്വിന്‍ഡില്‍ പതിപ്പിന് 123 രൂപയും. നോവലിന്റെ ഔദ്യോഗിക പ്രകാശനം ഉടന്‍ കോഴിക്കോട്ട് നടക്കും.