ശബരിമല: മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നിയമ സഭ ഇന്നത്തേക്ക് പിരിഞ്ഞു

Posted on: November 30, 2018 9:44 am | Last updated: November 30, 2018 at 12:21 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാം ദിനവും പ്രതിപക്ഷം പ്രതിഷേധിച്ചത്. ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഒരേ വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിവാദ കാലത്ത് ആറ് അടിയന്തര പ്രമേയങ്ങള്‍ ഒരേ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വിഷയം വീണ്ടും പരിഗണിക്കാനാകില്ലെന്നും സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കി സഭാനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുകയായിരുന്നു.