ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

Posted on: November 30, 2018 12:38 am | Last updated: November 30, 2018 at 9:51 am

ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നില ഓരോ മത്സരം കഴിയും തോറും കൂടുതല്‍ വഷളാകുന്നു. നിര്‍ണായക മത്‌സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയുമായി മഞ്ഞപ്പട ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഈ സീസണില്‍ കളിച്ച ഒമ്പത് മത്‌സരങ്ങല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാമത്തെ സമനിലയാണിത്. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയ ഏക ജയം.
എട്ടു പോയിന്റ് മാത്രമുള്ള മഞ്ഞപ്പട ഏഴാംസ്ഥാനത്തു തുടരുന്നു. ബ്ലാസ്‌റ്റേഴ്‌സിനെപ്പോലെ സീസണില്‍ അടിപതറിയ ചെന്നൈക്കും നിര്‍ണായകമായിരുന്നു ഈ മല്‍സരം. സമനിലയോടെ അവരുടെ സ്ഥിതിയും കൂടുതല്‍ പരുങ്ങലിലായി. അഞ്ചു പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാംസ്ഥാനത്താണ്.

ബ്ലാസ്‌റ്റേഴ്‌സിനെതിരേ ചെന്നൈക്കായിരുന്നു മേല്‍ക്കൈ. നിരവധി തവണ ഗോള്‍ നേടുന്നതിന് തൊട്ടരികിലെത്താല്‍ അവര്‍ക്കായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിംഗിന്റെ ചില തകര്‍പ്പന്‍ സേവുകളും ഫിനിഷിംഗിലെ പിഴവും ചെന്നൈക്കു തിരിച്ചടിയായി. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയേക്കുമെന്ന മുന്നേറ്റങ്ങള്‍ നടത്തിയത്. എന്നാല്‍ ഒന്നു പോലും മുതലാക്കാന്‍ അവര്‍ക്കായില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായ ധീരജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.