സംസ്ഥാനത്ത് വീണ്ടും നിപ്പാ ജാഗ്രതാ നിര്‍ദേശം

Posted on: November 29, 2018 2:26 pm | Last updated: November 30, 2018 at 9:51 am

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ബാധക്കെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ ഇണചേരല്‍ സമയം. ഈ കാലത്ത് നിപ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സമയത്ത് ജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആരോഗ്യവിദഗ്ദരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകള്‍ അടക്കമുള്ള ജീവികള്‍ കടിച്ച ചാമ്പങ്ങ, പേരക്ക, മാങ്ങ പോലുള്ള കായ്ഫലങ്ങള്‍ ഒഴിവാക്കണം. പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് നന്നായി കഴുകി ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നുണ്ട്.  മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്കും ജില്ലാ ആശുപത്രികള്‍ക്കും താലൂക്ക് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കാനും ആശുപത്രികളില്‍ കഫക്കെട്ട് പനി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് മാസ്‌ക് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കാനുമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുണ്ടാക്കുക, അണുബാധാ നിയന്ത്രണ സംവിധാനം ഒരുക്കുക, അസ്വാഭാവിക മരണം സംഭവിച്ചുപോയാല്‍ അതുസംബന്ധിച്ച് പഠനം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കിയത്. എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന വൈറസ് ബാധയാണ് നിപ്പാ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം. അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.