Connect with us

Kerala

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് 25 കോടി നല്‍കണമെന്ന് കേന്ദ്രം

Published

|

Last Updated

തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്ററുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കണമെന്ന് കേന്ദ്രം. 25 കോടി രൂപയുടെ ബില്ലാണ് വ്യോമസേന, സംസ്ഥാന സര്‍ക്കാറിന് നല്‍കിയത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ ലഭ്യമായ തുക തികയില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുക ഉള്‍പ്പടെ 27.11.2018 വരെ ലഭ്യമായത് 2683.18 കോടി രൂപയാണ്.

ഇതില്‍ ചെലവായ തുക 688.48 കോടി രൂപയും. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്‍.എഫില്‍ നിന്നും 1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ 31,000 കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ട്.
ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപവത്കരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ ചെലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ.

കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74 കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി. എസ്.ഡി.ആര്‍.എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതയുള്ള തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക പോലും നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ വിമാനത്തിനും റേഷനും കൂലി ചോദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.