പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു; തലനാരിഴക്ക് ദുരന്തമൊഴിവായി

Posted on: November 29, 2018 12:02 pm | Last updated: November 30, 2018 at 9:52 am

സ്‌റ്റോക്ക്‌ഹോം: 179 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു. തലനാരിഴക്ക് ദുരന്തമൊഴിവായി. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിലെ അര്‍ലാന്‍ഡ വിമാനത്താവളത്തില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം.

ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. എന്നാല്‍, അപകടമൊന്നും കൂടാതെ എല്ലാവരും രക്ഷപ്പെടുകയായിരുന്നു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ലെന്നും എല്ലാവരു സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവ ശേഷം വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും മൊബൈല്‍ സ്‌റ്റെയര്‍കേസ് വഴി പുറത്തിറക്കി.

കഴിഞ്ഞ മാസം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ എയര്‍ഇന്ത്യ എക്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ ഇടിച്ചിരുന്നു. 136 യാത്രക്കാരുമായി ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അന്ന് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ താഴ്ഭാഗത്തിന് കേടുപാടുണ്ടായെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാത രക്ഷപ്പെട്ടിരുന്നു.