കോണ്‍സിലേറ്റിനെ സമീപിക്കണ്ട; ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി വരുന്നു

Posted on: November 29, 2018 11:00 am | Last updated: November 29, 2018 at 12:07 pm

ദമ്മാം: ഉംറ വിസകള്‍ അപേക്ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ സഊദി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറെടുക്കുന്നു. സഊദി കോണ്‍സിലേറ്റിനേയോ മറ്റു ഇടനിലക്കാരേയോ സമീപിക്കാതെ അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേന നേരിട്ടാണ് വിസ നല്‍കുക.
സഊദി വിഷന്‍ 2030 പ്രകാരം ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ഷത്തില്‍ 30 ദശലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യം കണക്കിലെടുത്താണ് തീര്‍ത്ഥാടകര്‍ക്ക് ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി മന്ത്രാലയം നടപ്പാക്കുന്നത്.

ഇതുവഴി തീര്‍ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നടപടി ക്രമങ്ങള്‍ ലഘൂകരിക്കാനും കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തുടക്കത്തില്‍ പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും പിന്നീട് മറ്റ് അപേക്ഷകര്‍ക്കുമാണ് പദ്ധതി നടപ്പാക്കുക.

ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതിനായി ഹജ്ജ് ഉംറ മന്ത്രാലയം ജിദ്ദയില്‍ പ്രത്യേക ശില്‍പ്പശാല സംഘടിപ്പിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ഏജന്‍സി പ്രതിനിധികളും മറ്റും സംബന്ധിച്ചു.