Connect with us

Articles

രാജ്ഭവനുള്ളിലെ അവിഹിതക്കാഴ്ചകള്‍

Published

|

Last Updated

രാജ്ഭവന്‍ നിഷ്പക്ഷ ഭരണഘടനാ സ്ഥാപനമാണെന്നാണ് നിരീക്ഷണമെങ്കിലും ഭരിക്കുന്ന കക്ഷിയുടെ വേണ്ടപ്പെട്ടയാളെയാണ് ഈ പദവിയിലേക്ക് നിയോഗിക്കപ്പെടുക. പ്രത്യേകിച്ച് പ്രശ്‌ന സങ്കീര്‍ണമായ ഒരു സംസ്ഥാനത്ത് നിയമിക്കപ്പെടുക പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയപ്പെടുന്നയാളെയും രാഷ്്ട്രീയ രഹസ്യങ്ങളും കുതന്ത്രങ്ങളും നാലാള്‍ മുമ്പാകെ വിളിച്ചു പറയാത്തയാളെയും. രാജ്ഭവന്‍ പോലുള്ള ഒരു സ്ഥാപനത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുമ്പോഴും വിഷമം മനസ്സിലൊതുക്കാനാണ് ഗവര്‍ണര്‍മാരുടെ നിയോഗം. എന്നാല്‍ ജനതാപരിവാര്‍ വഴി സംഘ് കുടുംബത്തിലെത്തിയ പഴയ സോഷ്യലിസ്റ്റുകാരനാണ് ബി ജെ പിയുടെ അതിരു കവിഞ്ഞ രാഷ്ട്രീയ കള്ളക്കളിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. വിഘടനവാദത്തെയും വിഘടനവാദികളെയും പരസ്യമായി എതിര്‍ക്കുകയും എന്നാല്‍ രഹസ്യമായി രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഇവരെ കൂട്ടുപിടിക്കുകയും ചെയ്യുന്ന ബി ജെ പിയുടെ കപട ദേശീയതയെയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചോദ്യം ചെയ്തത്.

ജമ്മു കശ്മീരില്‍ വിഘടനവാദിയായി ബി ജെ പി തന്നെ മുദ്രകുത്തിയ സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം നിര്‍ബന്ധിച്ചുവെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നാലാള്‍ മുമ്പാകെ വിളിച്ചു പറഞ്ഞത്. 87 അംഗ നിയമസഭയില്‍ കേവലം രണ്ട് സീറ്റ് മാത്രമുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം ഇടപെട്ടുവെന്ന വെളിപ്പെടുത്തല്‍ ബി ജെ പിയെ ഞെട്ടിച്ചുവെന്ന് മാത്രമല്ല, പാര്‍ട്ടിക്ക് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരവുമായി. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാറുണ്ടാക്കിയ ഹീനതന്ത്രമാണ് ഇവിടെ സത്യപാല്‍ മാലിക് പൊളിച്ചടക്കിയത്.

വിഘടനവാദി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം നിര്‍ബന്ധിച്ചുവെന്നും എന്നാല്‍, അദ്ദേഹത്തെ പോലൊരാളെ മുഖ്യമന്ത്രിയാക്കാന്‍ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ് സഭ പിരിച്ചുവിട്ടതെന്നും മാലിക് തുറന്നടിച്ചു. ഗ്വാളിയോറില്‍ നടന്ന ചടങ്ങില്‍വെച്ചാണ് മാലിക് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശം പാലിച്ചിരുന്നെങ്കില്‍ സജ്ജാദ് ലോണിന്റെ സര്‍ക്കാര്‍ ഉണ്ടായേനെ. അദ്ദേഹം മുഖ്യമന്ത്രി ആകേണ്ടി വന്നാല്‍ ചരിത്രം എന്നെ സത്യസന്ധനല്ലാത്തയാള്‍ എന്ന് മുദ്രകുത്തിയേനെ. കുറ്റപ്പെടുത്തുന്നവര്‍ക്ക് എന്നെ കുറ്റപ്പെടുത്താം. ചെയ്തത് ശരിയാണെന്ന് എനിക്ക് വ്യക്തമായി ബോധ്യമുണ്ട്- അദ്ദേഹം പറഞ്ഞു.

കശ്മീര്‍ തീവ്രവാദ ഗ്രൂപ്പിന്റെ നേതാവ് അബ്ദുല്‍ ഗനി ലോണിന്റെ മകനാണ് സജ്ജാദ് ലോണ്‍. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഗവര്‍ണര്‍ ഇന്നലെ വീണ്ടും വെടി പൊട്ടിച്ചിരിക്കുന്നു. ഈ തുറന്നു പറച്ചില്‍ നടത്തിയതിന് താന്‍ സ്ഥലം മാറ്റ ഭീഷണി നേരിടുകയാണെന്ന്. സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്ക് സ്ഥലംമാറ്റ ഭീഷണിയുണ്ടെന്ന് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവായിരുന്ന ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ അനുസ്മരണച്ചടങ്ങിലാണ്. എനിക്ക് ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല, പക്ഷേ സ്ഥലം മാറ്റപ്പെട്ടേക്കാം. അതെപ്പോഴാണെന്ന് അറിയില്ല. അതെന്റെ കൈയിലല്ല. പക്ഷേ ഞാനിവിടെയുള്ളിടത്തോളം ജനങ്ങള്‍ എന്നെ വിളിച്ചാല്‍ ഞാനെത്തും” മാലിക് പറഞ്ഞു.

2018 ആഗസ്റ്റില്‍ 13ാം ഗവര്‍ണറായി കശ്മീരില്‍ കാലുകുത്തിയ മുന്‍ബിഹാര്‍ ഗവര്‍ണറായ മാലിക് ജനതാദള്‍ ടിക്കറ്റില്‍ അലിഗഢിനെ പ്രതിനിധാനം ചെയ്ത് ഒമ്പതാം ലോക്‌സഭാംഗമായിരുന്നു. പിന്നീട് സമാജ് വാദി പാര്‍ട്ടിയിലെത്തിയ അദ്ദേഹം അലിഗഢില്‍ നിന്ന് തോല്‍വി ഏറ്റുവാങ്ങി. സംഘ് കൂടാരത്തിലെത്തിയ അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ വിശ്വസ്തനായത് കൊണ്ടാണ് കശ്മീരില്‍ ഗവര്‍ണറായതു തന്നെ.

ബി ജെ പിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യവും മോഹവുമുള്ള കശ്മീരില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് മന്ത്രിസഭ രൂപവത്കരിക്കുക പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായക നീക്കമായിരുന്നു. ഗവര്‍ണര്‍ വിവാദങ്ങള്‍ക്കൊന്നും ഇടം നല്‍കാതെ അതിന് കൂട്ടുനിന്നില്ല. ഗവര്‍ണര്‍ക്കെതിരെ ബി ജെപിയും കേന്ദ്രവും പരസ്യമായി രംഗത്തുവന്നിട്ടില്ല. കാത്തിരുന്നു കാണേണ്ടതാണ് എന്തു മുടന്തന്‍ ന്യായമാണ് അവര്‍ നിരത്തുക എന്നത്.

Latest