സംസ്ഥാനത്ത് 14 പാലങ്ങളിലെ ടോള്‍ പിരിവ് നിര്‍ത്തി

Posted on: November 28, 2018 10:48 pm | Last updated: November 29, 2018 at 10:01 am

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 14 പാലങ്ങളിലെ ടോളുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അരൂര്‍- അരൂര്‍കുറ്റി, പുളിക്കടവ്, പൂവത്തുംകടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞ പുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മാട്ടൂര്‍ മടക്കര, നെടുംകല്ല്, മണ്ണൂര്‍ക്കടവ് എന്നീ പാലങ്ങളുടെ ടോള്‍ പിരിവാണ് അവസാനിപ്പിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

സംസ്ഥാന സര്‍ക്കാറിന് ടോള്‍ വഴി വര്‍ഷം തോറും ലഭിച്ചുകൊണ്ടിരുന്ന തുക ഈ തീരുമാനത്തിലൂടെ വേണ്ടെന്നു വെച്ചിരിക്കുകയാണെന്നും ഇത് ചരിത്രമാണെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു. ടോള്‍ പിരിക്കുന്നത് പിണറായി സര്‍ക്കാറിന്റെ നയമല്ലെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം നിര്‍മിച്ച പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോളുകള്‍ ഉണ്ടാകില്ലായെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.