ചാഡ് പ്രസിഡന്റിന്റെ ഇസ്‌റാഈല്‍ പ്രേമത്തിനെതിരെ രോഷം പുകയുന്നു

Posted on: November 28, 2018 10:09 pm | Last updated: November 28, 2018 at 10:09 pm

സലാല്‍: മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിന്റെ പ്രസിഡന്റ് ഇദ്‌രീസ് ദേബിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനെതിരെ രാജ്യത്ത് രോഷം പുകയുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രസിഡന്റിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ഇദ്‌രീസിന്റെ ആലോചനയും വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്. ഫലസ്തീന്‍ ഭൂമിയില്‍ അധിനിവേശം നടത്തുന്ന ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം ഒരിക്കലും പുന:സ്ഥാപിക്കരുതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഭൂരിഭാഗവും മുസ്ലിംകള്‍ താമസിക്കുന്ന രാജ്യമാണ് മധ്യ ആഫ്രിക്കയിലെ ചാഡ്. ഇസ്‌റാഈല്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹായത്തോടെ രാജ്യത്തിന്റെ അധികാരത്തില്‍ തുടരാന്‍ വേണ്ടിയാണ് പ്രസിഡന്റ് ഇസ്‌റാഈലുമായി നയതന്ത്രബന്ധം പുന:സ്ഥാപിക്കാന്‍ ആലോചിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം.

ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതകളില്‍ പ്രതിഷേധിച്ച് ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂനിയന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 1972 മുതല്‍ ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം ചാഡ് കടുപ്പിച്ചിരുന്നു. ആഫ്രിക്കന്‍ യൂനിയന്റെ അനുമതിയില്ലാതെ ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.