Connect with us

Prathivaram

ഫേസ്ബുക്കില്‍ അത്ര സുതാര്യമല്ല കാര്യങ്ങള്‍

Published

|

Last Updated

ഫേസ്ബുക്കിന്റെ സാങ്കേതികപ്പിശകുകള്‍ അടുത്തിടെ വര്‍ധിച്ചത് ആഗോള സമൂഹമാധ്യമ രംഗത്ത് ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം 4000ല്‍ അധികം പേരാണ് ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. സെര്‍വറിലെ തകരാറാണ് തടസ്സം നേരിടാനുണ്ടായ കാരണമെന്നും പ്രശ്‌നം പരിഹരിച്ചതായും ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഫേസ്ബുക്ക് ലോഡ് ആകുന്നില്ല എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹോം പേജില്‍ കയറിയ പലരും സേവനം ലഭ്യമല്ല എന്ന സന്ദേശമാണ് കണ്ടത്. കമ്പനിയുടെ ഔദ്യോഗിക വിശദീകരണം വന്നെങ്കിലും, വലിയ മത്സരം നടക്കുന്ന സമൂഹ മാധ്യമ കമ്പനികള്‍ക്കിടയില്‍ ഫേസ്ബുക്കിന്റെ സാങ്കേതികത്തകരാറുകള്‍ ഇപ്പോഴും സജീവ ചര്‍ച്ചയാണ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ജനപ്രിയ ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമും പിന്നാലെ പണിമുടക്കിയിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലും പ്രശ്നം നേരിട്ടിരുന്നു.

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിലച്ചത് വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കാന്‍ തുടങ്ങി. ഇതോടെയാണ് പലരും ഫേസ്ബുക്ക് ന്യൂസ്ഫീഡ് പ്രവര്‍ത്തനരഹിതമായ കാര്യം അറിഞ്ഞത്. ഏതായാലും ഫേസ്ബുക്കിന്റെ നിക്ഷേപകര്‍ കലിപ്പിലാണ്. ഫേസ്ബുക്കിലെ തുടര്‍ച്ചയായ വിവാദങ്ങളും പ്രശ്നങ്ങളും തിരിച്ചടിയായത് മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന് തന്നെ. അദ്ദേഹത്തോട് രാജിവെച്ച് ഇറങ്ങിപ്പോകാന്‍ നിക്ഷേപകരില്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പോലും പുറത്തുവന്നു. സ്വന്തം ആസ്തി 55.3 ബില്യന്‍ ഡോളറായി ഇടിഞ്ഞ് ബ്ലൂംബര്‍ഗിന്റെ റാങ്കിംഗില്‍ ആറാമതാണ് സക്കര്‍ബര്‍ഗിന്റെ സ്ഥാനം. ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസിനും മുന്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗെയ്റ്റ്‌സിനും പിന്നിലായി ലോകത്തെ മൂന്നാമത്തെ കോടിപതി എന്ന ഖ്യാതിയില്‍ നിന്നാണ് ഈ വീഴ്ച. ഇതോടൊപ്പം ഫേസ്ബുക്കിന്റെ ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞ് 139.53 ഡോളറിലെത്തി. ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന് സാമ്പത്തിക നഷ്ടം ഉണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ഓളങ്ങള്‍ ഇതുവരെ അടങ്ങിയിട്ടില്ല. കേബ്രിജ് അനലിറ്റിക്കക്ക് ശേഷമുണ്ടായ ഒട്ടനവധി വിവര ചോര്‍ച്ച വിവാദങ്ങളും ഫേസ്ബുക്കിന്റെ ഓഹരി ഇടിവില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു.

കമ്പനിക്കെതിരെ വരുന്ന വിമര്‍ശങ്ങള്‍ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാനും ഫേസ്ബുക്ക് പി ആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്തുവന്നത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം രാജിവെക്കില്ലെന്ന് ഉറപ്പിച്ച് സക്കര്‍ബര്‍ഗും പ്രതികരിച്ചു. അത്തരത്തിലൊരു ആലോചന പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേബ്രിജ് അനലിറ്റിക്ക സംഭവത്തില്‍ നിന്നും സക്കര്‍ബര്‍ഗ് പാഠം പഠിച്ചില്ലെന്നും അതുകൊണ്ടാണ് റിപ്പബ്ലിക്കന്‍ ഉടമസ്ഥതയിലുള്ള പി ആര്‍ ഏജന്‍സിയെ പ്രമോഷന്‍ ഏല്‍പ്പിച്ചതെന്നുമായിരുന്നു ന്യൂയോര്‍ക്ക് ടൈംസിനോട് നിക്ഷേപകര്‍ വ്യക്തമാക്കിയത്. എതിരാളികളുടെ വായടക്കുന്നതിനാണ് പി ആര്‍ ഏജന്‍സിയുടെ സഹായം തേടിയതെന്നും നിക്ഷേപകര്‍ ആരോപിച്ചിരുന്നു. സുതാര്യമാണ് പ്രവര്‍ത്തനമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നാണ് നിക്ഷേപകരുടെ വാദം. തങ്ങള്‍ ഈ സ്ഥാപനവുമായൊന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സക്കര്‍ബര്‍ഗ് നേരത്തെ പറഞ്ഞത്. പി ആര്‍ ഏജന്‍സിയെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ കുറിച്ചും ഫേസ്ബുക്കിലെ റഷ്യന്‍ ഇടപെടലുകള്‍ തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും വിശദീകരിക്കാന്‍ അമേരിക്കയിലെ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗൂഗിള്‍ അസിസ്റ്റന്റിനോട് മലയാളം പറയാം
സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളിന്റെ ജനപ്രിയ സേവനമായ ഗൂഗിള്‍ അസിസ്റ്റന്റില്‍ ഇനി മലയാളവും. പതിനാല് ഭാഷകളില്‍ കൂടി ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഏഷ്യന്‍ ഭാഷകളാണ് കൂടുതലും. മലയാളത്തിന് പുറമെ ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭാഷകള്‍. നിലവില്‍ 17 ഭാഷകളിലാണ് ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം സപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കുന്ന സേവനം ആരംഭിച്ചത്.

ജര്‍മന്‍, പോളിഷ്, ടര്‍കിഷ്, അറബിക് എന്നീ ഭാഷകളും അസിസ്റ്റന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ 80 രാജ്യങ്ങളിലായി 30 ല്‍ അധികം ഭാഷകള്‍ ഗൂഗിള്‍ അസിസ്റ്റന്റില്‍ ലഭ്യമാവും. ആറ് പുതിയ ശബ്ദങ്ങളും ലഭ്യമാവുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

2018 ലാണ് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, അസിസ്റ്റന്റിനെ അവതരിപ്പിക്കുന്നത്. ഗൂഗിളിന്റെ ഡ്യൂപ്ലെക്‌സ് (ഏീീഴഹല ഊുഹലഃ) എന്ന സാങ്കേതിക വിദ്യയാണ് മനുഷ്യരോട് മനുഷ്യന് സമാനമായി സംഭാഷണങ്ങളിലേര്‍പ്പെടാന്‍ ഗൂഗിള്‍ അസിസ്റ്റന്റിനെ പ്രാപ്തമാക്കുന്നത്. ഒരു മനുഷ്യനോട് സംസാരിക്കുന്നത് പോലെ ഗൂഗിള്‍ അസിസ്റ്റന്റിനോട് ഫോണ്‍ മുഖേന സംസാരിക്കാം. സന്ദര്‍ഭത്തിനനുസരിച്ച് മൂളാനും മറുപടി പറയാനും ചിന്തിച്ച് തീരുമാനമെടുക്കാനുമെല്ലാം ഈ സാങ്കേതിക വിദ്യക്ക് സാധിക്കും. സമൂഹമാധ്യമങ്ങളില്‍ ജനപ്രിയസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കാനുമാണ് ഗൂഗിള്‍ അസിസ്റ്റന്റ് ലക്ഷ്യമിടുന്നത്.
.