Connect with us

Prathivaram

മകള്‍

Published

|

Last Updated

വീടിന്റെ പിന്നാമ്പുറത്തൂടെ നടക്കുന്നതിനിടയിലാണ് ചിമ്മിനിയുടെ അടിയില്‍ ഒതുക്കി മടക്കിയ ഒരു കടലാസ് കാണുന്നത്. എടുത്തു നിവര്‍ത്തി നോക്കുമ്പോള്‍ അതിലിങ്ങനെ എഴുതിയിരിക്കുന്നു.
“പ്രിയപ്പെട്ട അച്ചനും അമ്മയും അറിയാന്‍, ഇന്ന് രാത്രി ഞാന്‍ നിങ്ങളെ വിട്ടുപോകുകയാണ്. കോളജില്‍ സീനിയറായ ഒരാളുമായി എനിക്ക് അടുപ്പമുണ്ടായിരുന്നത് ഞാനിത് വരെ നിങ്ങളോട് പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ഞങ്ങള്‍ക്ക് നഷ്ടം സംഭവിച്ചാലോ എന്ന് ഭയന്നിട്ടാണ്. നിങ്ങള്‍ക്കിത് വിഷമമുണ്ടാക്കുമെന്നറിയാം. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. സ്‌നേഹനിധിയായ ഒരച്ഛനേയും അമ്മയേയും വിട്ടേച്ച് പോവുകയാണ്. പൊറുക്കണം. ഈ മകളെ ശപിക്കരുത്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന അപേക്ഷയോടെ…”
സ്വന്തം മീനു
അയാള്‍ പേപ്പര്‍ മുഷ്ടിയിലിട്ട് ചുരുട്ടി. കണ്ണുകളില്‍ നനവ് പടര്‍ന്നിരിക്കുന്നു. കണ്ണുകള്‍ അമര്‍ത്തിത്തുടച്ച് അകത്തേക്ക് കയറാനൊരുങ്ങുമ്പോള്‍ വാതിലിനരികില്‍ ഭാര്യ നില്‍ക്കുന്നു.
നിങ്ങളുടെ കണ്ണിനെന്തു പറ്റി… കലങ്ങിയിരിക്കുന്നല്ലോ..?
ഒന്നൂല്യാ
അല്ല… എന്തോ ഉണ്ട്… എന്തു പറ്റി?
അയാള്‍, കടലാസ് അവള്‍ക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു… മീനു എഴുതിവെച്ച ആ കടലാസാണിത്. വായിച്ചപ്പോള്‍ ഓളെ ഓര്‍ത്തു പോയി.
അവളത് തുറന്നു വായിച്ചില്ല. കൈകള്‍ ചെറുങ്ങനെ വിറക്കുന്നുണ്ടായിരുന്നു.
“നിങ്ങളെന്തിനാ അതെടുത്തത്.. ഞാന്‍ ആ മുറി വൃത്തിയാക്കിയപ്പോ കിട്ടിയതൊക്കെ കത്തിക്കാന്‍ കൊണ്ടു വന്നിട്ടതാ അവിടെ…”
അയാള്‍ ഭാര്യയുടെ കൈയില്‍ നിന്ന് കടലാസ് തിരിച്ചുവാങ്ങി…. വേണ്ടാ… ഇതു കത്തിക്കണ്ടാ.. ഇതെന്റെ കൈയിലിരിക്കട്ടെ…
അയാള്‍ ഉള്ളിലേക്ക് നടന്നു. അകത്തെ, പൂട്ടിയിട്ട മുറിയിലേക്ക് കയറി. അടച്ചിട്ട മേശവലിപ്പു തുറന്നു. അതില്‍ മടക്കിവെച്ച പഴയൊരു പത്രമെടുത്ത് നിവര്‍ത്തി. അകത്താളിലെ ഇടത് മൂലയിലെ ഒരു വാര്‍ത്തയില്‍ അയാള്‍ കണ്ണുനട്ടിരുന്നു. വാഹനാപകടത്തില്‍ കമിതാക്കള്‍ മരിച്ചു… വാര്‍ത്തക്കടിയിലെ, നിറഞ്ഞ ചിരിയോടെയുള്ള മീനുവിന്റെ ഫോട്ടോ കണ്ടപ്പോള്‍ വീണ്ടും അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഒളിച്ചോടിയതിന്റെ പിറ്റേന്ന് കാലത്തുതന്നെ അവള്‍ വീട്ടിലേക്കു തിരിച്ചു വന്നിരുന്നു… ചതഞ്ഞ മുഖവുമായ്.. നിശ്ചലമായ ദേഹവുമായ്….
പത്രം നെഞ്ചിലമര്‍ത്തിപ്പിടിച്ച് അയാള്‍ കിടന്നു. കൈയിലുള്ള കടലാസു നിവര്‍ത്തി ഒന്നു കൂടി വായിച്ചു… പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയാന്‍… ഇന്ന് രാത്രി ഞാന്‍ നിങ്ങളെ വിട്ടുപോകുകയാണ്… കണ്ണുകള്‍ തുളുമ്പി. ഹൃദയം വിങ്ങിപ്പൊട്ടി. ഇടറിയ ഒച്ചയോടെ അയാള്‍ വിളിച്ചു… മോളേ…
.

Latest