Connect with us

National

വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ആശ്വസിപ്പിച്ച് സൈന്യം; ഹൃദയം കവരുന്ന കാഴ്ച ട്വിറ്ററില്‍

Published

|

Last Updated

ശ്രീനഗര്‍: വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ സൈനികര്‍ സമാശ്വസിപ്പിക്കുന്ന ചിത്രം ഹൃദയം കവരുന്ന കാഴ്ചയാകുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍കൊല്ലപ്പെട്ട  നസീര്‍ അഹമ്മദ് വാനിയുടെ പിതാവിനെ ആശ്ലേഷിച്ചു നില്‍ക്കുന്ന സൈനികന്റെ ചിത്രമാണ് “നിങ്ങള്‍ തനിച്ചല്ല” എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  നസീറിന്റെ സംസ്‌കാര ചടങ്ങിനിടെ പകര്‍ത്തിയതാണ് ചിത്രം.

2004നു മുമ്പ് തീവ്രവാദിയായിരുന്ന ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനി (38) സൈന്യത്തിനു കീഴടങ്ങുകയും പിന്നീട് സൈന്യത്തില്‍ ചേരുകയുമായിരുന്നു. തുടര്‍ന്ന് തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കി. സൈന്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് 2007, 2008 വര്‍ഷങ്ങളില്‍ ധീരതക്കുള്ള സേനാ മെഡല്‍ അദ്ദേഹത്തെ തേടിയെത്തി.

ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയിലെ തീവ്രവാദ ബാധിതമായ ചെകി അശ്മുജി ഗ്രാമ നിവാസിയായ വാനി 2004ല്‍ അതിര്‍ത്തി സേനയുടെ 162 ാം ബറ്റാലിയനിലാണ് തന്റെ സൈനിക ജീവിതം ആരംഭിച്ചത്. അക്രമത്തിന്റെ നിരര്‍ഥകത മനസ്സിലാക്കിയാണ് വാനി തീവ്രവാദം ഉപേക്ഷിച്ച് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്.

ഷോപിയാനിലെ ബദാകുണ്ഡ് ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് വാനിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഘട്ടനത്തില്‍ ആറു തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നിരുന്നു.

Latest