കര്‍ണാടകയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണം നിര്‍ത്തി

Posted on: November 28, 2018 4:35 pm | Last updated: November 28, 2018 at 4:36 pm

ബംഗളൂരു: ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കിയിരുന്ന പദ്ധതി കര്‍ണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൈക്കിളുകള്‍ തീരെ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതേകുറിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

റീജ്യണല്‍ കമ്മീഷണര്‍മാരും ഡെപ്യൂട്ടി കമ്മീഷണര്‍മാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സൈക്കിള്‍ വിതരണം സംബന്ധിച്ച് പരാതി ഉയര്‍ന്നത്. ഇതോടെ പദ്ധതി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

ഈ അധ്യയന വര്‍ഷം 5.14 ലക്ഷം കുട്ടികള്‍ക്കാണ് സൗജന്യ സൈക്കിള്‍ ലഭിച്ചത്. 185 കോടി രൂപ ഇതിനായി ചെലവഴിച്ചു.