പി എസ് ജി-ലിവര്‍പൂള്‍ ക്ലാസിക് ഇന്ന്

മത്സരം രാത്രി 12.00 മുതല്‍ ഇഎസ്പിഎന്‍, സോണി - സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍
Posted on: November 28, 2018 4:04 pm | Last updated: November 28, 2018 at 4:04 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ക്ലാസിക് പോരാട്ടങ്ങള്‍ കാണാം. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയും ലിവര്‍പൂളും തമ്മിലുള്ളതാണ് ശ്രദ്ധേയം. ടോട്ടനം ഹോസ്പര്‍ – ഇന്റര്‍മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് – മൊണാക്കോ, എഫ് സി പോര്‍ട്ടൊ-ഷാല്‍ക്കെ, പി എസ് വി ഐന്തോവന്‍ – ബാഴ്‌സലോണ, ലോകോമോട്ടീവ് – ഗലാത്സരെ, നാപോളി-റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് മത്സരങ്ങളും ഇന്ന് നടക്കും.
നാപോളിയും ലിവര്‍പൂളും പി എസ് ജിയും റെഡ് സ്റ്റാറും അണിനിരക്കുന്ന ഗ്രൂപ്പ് സിയില്‍ പോരാട്ടം ഇഞ്ചോടിഞ്ചാണ്. ആറ് പോയിന്റ് വീതമുള്ള നാപോളിയും ലിവര്‍പൂളും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. പി എസ് ജി അഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. നാലാമതുള്ള റെഡ് സ്റ്റാറിന് നാല് പോയിന്റുണ്ട്.

ഏറ്റവും പിറകിലുള്ള റെഡ് സ്റ്റാര്‍ ഇന്ന് നാപോളിയെ തോല്‍പ്പിക്കുകയും ലിവര്‍പൂളും-പിഎസ്ജിയും സമനിലയാവുകയും ചെയ്താല്‍ എല്ലാം കീഴ്‌മേല്‍ മറിയും. അത്രമാത്രം ആവേശകരമാണ് ഗ്രൂപ്പ് സാധ്യത.
പിഎസ്ജിക്കെതിരെ ലിവര്‍പൂള്‍ നിരയില്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയും ഡിഫന്‍ഡര്‍ ജോ ഗോമസും ഉണ്ടാകും. അസുഖം കാരണം സാദിയോ മാനെ കളിക്കുന്നത് സംശയത്തിലായിരുന്നു.

അതേ സമയം, നഥാനിയല്‍ ക്ലിന്‍, ആദം ലല്ലാന, ഡിവോക് ഒറിഗി, ഡൊമിനിക് സൊലാങ്കെ എന്നിവര്‍ ലിവര്‍പൂള്‍ നിരയിലുണ്ടാകില്ല.
പി എസ് ജി നിരയില്‍ സൂപ്പര്‍ താരങ്ങളായ നെയ്മറും കിലിയന്‍ എംബാപെയും തിരിച്ചെത്തി. രണ്ട് പേരും പരിശീലനത്തിനിറങ്ങി. ഫിറ്റ്‌നെസ് ടെസ്റ്റ് വിജയിച്ചാല്‍ ആദ്യ ലൈനപ്പില്‍ രണ്ട് പേരും കളിക്കാനിറങ്ങും. രാജ്യാന്തര മത്സരം കളിക്കുന്നതിനിടെയാണ് രണ്ട് പേര്‍ക്കും പരുക്കേറ്റത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ലീഗ് മത്സരത്തില്‍ കളിച്ചിരുന്നില്ല. ലിവര്‍പൂളിനെതിരെ നിര്‍ണായക മത്സരത്തില്‍ നെയ്മറും എംബാപെയും കളിക്കുമെന്ന സൂചനയാണ് കോച്ച് തോമസ് ടുഷേല്‍ നല്‍കുന്നത്.

ഇതുവരെ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടില്ല പി എസ് ജി. ഇത്തവണ നോക്കൗട്ട് സാധ്യത അടയാതിരിക്കാന്‍ പി എസ് ജിക്ക് ജയിച്ചേ തീരൂ. ലിവര്‍പൂളും നാപോളിയും ഇന്ന് ജയിച്ചാല്‍ പി എസ് ജി പുറത്താണ്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന്റെ ഞെട്ടല്‍ ലിവര്‍പൂളിന് ഇനിയും മാറിയിട്ടില്ല.

ഗ്രൂപ്പ് ബിയില്‍ നിന്ന് ബാഴ്‌സലോണ നോക്കൗട്ട് ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തിനായാണ് പോരാട്ടം. ഏഴ് പോയിന്റുള്ള ഇന്റര്‍മിലാന്‍ നാല് പോയിന്റോടെ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിനെ നേരിടുമ്പോള്‍ തീപ്പൊരി പാറും. തോറ്റാല്‍ ടോട്ടനംഹോസ്പറിന്റെ കഥകഴിയും. ഇന്ററിനെ വീഴ്ത്തിയാല്‍ ഇംഗ്ലീഷ് ക്ലബ്ബിന് ഗ്രൂപ്പില്‍ജീവന്‍ വെക്കും.