ഹോക്കി ലോകകപ്പ്: ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം…

Posted on: November 28, 2018 4:00 pm | Last updated: November 28, 2018 at 4:00 pm

ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്ഘാടനം ചെയ്തു. പതിനെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഹോക്കി ഉത്സവത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു – ഉദ്ഘാടന പ്രസംഗത്തില്‍ പട്‌നായിക് പറഞ്ഞു.
സംഗീത ലോകത്തെ വിസ്മയം എ ആര്‍ റഹ്മാന്‍, ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്, താരറാണി മാധുരി ദീക്ഷിത് എന്നിവര്‍ കലാപരിപാടികളുമായി ചടങ്ങിന് കൊഴുപ്പേകി.
പതിനാറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. 2002ന് ശേഷം ആദ്യമായാണ് പതിനാറ് ടീമുകള്‍ പങ്കെടുക്കുന്നത്. നാല് ടീമുകള്‍ നാല് പൂളുകളിലായി ആദ്യ റൗണ്ട് മത്സരിക്കും. ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്രീക്വാര്‍്ട്ടറിലെത്തും. പൂള്‍ സിയില്‍ ബെല്‍ജിയം-കനഡ മത്സരത്തോടെ ലോകകപ്പ് ആരംഭിക്കും. രണ്ടാം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

ഹോക്കിയുടെ സ്വന്തം നാട്ടിലേക്ക് ലോകകപ്പ് ഹോക്കി ഒരിക്കല്‍ക്കൂടി വിരുന്നെത്തുമ്പോള്‍ ഇക്കുറി രണ്ടുംകല്‍പ്പിച്ചിറങ്ങുകയാണ് ഇന്ത്യ. സൂപ്പര്‍താരങ്ങളുടെ പ്രഭാവലയത്തിലൊതുങ്ങാതെ യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന സമതുലിതമായ ടീമുമായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ഒഡീഷയിലെ ഭുവനേശ്വറില്‍ രാത്രി ഏഴു മണിക്ക് സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന പൂള്‍ സി യില്‍ ആണ് ഇന്ത്യ. അഞ്ചാം റാങ്കുകാരായ ഇന്ത്യയും പതിനഞ്ചാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ജയ സാധ്യത ഇന്ത്യക്കാണെങ്കിലും കടുത്ത പോരാട്ടം തന്നെയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്. 1975ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത് നേടിയെടുക്കാന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ ശിഷ്യന്മാര്‍ തയ്യാറെടുത്തുകഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് നേടിയപ്പോള്‍ ഹരേന്ദ്ര സിങ് ആയിരുന്നു പരിശീലകന്‍.

എട്ടുതവണ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായിരുന്ന ഇന്ത്യ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും ഇന്ത്യയ്ക്ക് നേട്ടമാകും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും സൗത്ത് ആഫ്രിക്ക ആദ്യ മത്സരത്തില്‍ ഇന്ത്യയെ പരീക്ഷിക്കുമെന്നുറപ്പാണ്. വമ്പന്‍ വേദികളില്‍ പ്രമുഖരെ അട്ടിമറിച്ച റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കക്കുണ്ട്. മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. മലയാളിയും മുന്‍ ക്യാപ്റ്റനുമായ ശ്രീജേഷ് ആയിരിക്കും ഗോള്‍ കീപ്പര്‍. ഡിസംബര്‍ 2 ന് ബെല്‍ജിയവുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഡിസംബര്‍ 8 നാണ് കാനഡയുമായുള്ള അവസാന പൂള്‍ മത്സരം.

സൂപ്പര്‍ ഫേവറിറ്റുകള്‍…

ആസ്‌ത്രേലിയ, ഹോളണ്ട്, ജര്‍മനി ടീമുകള്‍ ഇത്തവണയും ഫേവറിറ്റുകളാണ്. പരമ്പരാഗത ശക്തികള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നത് ടൂര്‍ണമെന്റില്‍ അവരുടെ റെക്കോര്‍ഡാണ്. കഴിഞ്ഞ പതിമൂന്ന് ലോകകപ്പുകളില്‍ എട്ടിലും ഈ മൂന്ന് ടീമുകളുടെ പേര് ചേര്‍ന്നിട്ടുണ്ട്. ഇതില്‍ ആസ്‌ത്രേലിയ തുടരെ മൂന്ന് തവണ കപ്പുയര്‍ത്തി റെക്കോര്‍ഡിട്ടവര്‍. നിലവിലെ ചാമ്പ്യന്‍മാരാണ് ആസ്‌ത്രേലിയ.
ഹോളണ്ടാണ് കാണികളുടെ മറ്റൊരു പ്രിയപ്പെട്ടടീം. യൂറോപ്പിലെ ചാമ്പ്യന്‍മാരായ ഹോളണ്ടിന് കഴിയഴകുണ്ട്. ഇരുപത് വര്‍ഷം മുമ്പാണ് ഓറഞ്ച് പട അവസാനമായി ലോകകപ്പ് ഉയര്‍ത്തിയത്. ലോകത്ത് ഏറ്റവുമധികം കൃത്രിമ ഹോക്കി പിച്ചുകള്‍ ഉള്ള, ശക്തമായ ഹോക്കി ഗെയിം സംസ്‌കാരമുള്ള രാജ്യമാണ് ഹോളണ്ട്. പക്ഷേ, ലോകകപ്പില്‍ അവര്‍ക്ക് കിരീടവിജയം അകന്ന് നില്‍ക്കുന്നു. നാല് വര്‍ഷം മുമ്പ് രണ്ടാം സ്ഥാനക്കാരായ ഹോളണ്ട് കോച്ച് പോള്‍ വാന്‍ ആസിനെ പുറത്താക്കി. റണ്ണേഴ്‌സപ്പ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടാന്‍ ഡച്ച് ഹോക്കി അധികൃതര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണിത്. ബില്ലി ബാക്കര്‍, റോബര്‍ട് കെമ്പര്‍മാന്‍,സന്ദര്‍ ബാര്‍ട് എന്നിങ്ങനെയുള്ള ലോകോത്തര താരങ്ങള്‍ ഹോളണ്ടിനായി അവസാന ലോകകപ്പ് കളിക്കാനിറങ്ങും.

കോമണ്‍വെല്‍ത്ത്‌ഗെയിംസ്, ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാണ് ആസ്‌ത്രേലിയ. പോരാത്തതിന് ലോക ഒന്നാം നമ്പര്‍ സ്ഥാനവും. കോളിന്‍ബാച് പരിശീലിപ്പിക്കുന്ന ഓസീസ് ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍സില്‍ സ്വര്‍ണം നേടിയത് മറക്കാന്‍ സാധിക്കില്ല.
ലീഗ് ഘട്ടത്തില്‍ ഒരു ജയം പോലും ഇല്ലാതെ വലഞ്ഞ ഓസീസ് രണ്ടാം ഘട്ടത്തില്‍ കരുത്തറിയിച്ചു. ഇതാണ് ആസ്‌ത്രേലിയയെ വ്യത്യസ്തമാക്കുന്നത്. ഏറ്റവും നിര്‍ണായക മത്സരം വരുമ്പോള്‍ ഓസീസിനാകും ആധിപത്യം.

കഴിഞ്ഞ എഡിഷനില്‍ മെഡല്‍ നഷ്ടമായ ജര്‍മനി റിയോ ഒളിമ്പിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ല. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്ത്. എങ്കിലും ജര്‍മനിയെ എഴുതിത്തള്ളാന്‍ ആര്‍ക്കും ധൈര്യമില്ല.

റിയോ ഒളിമ്പിക് ജേതാക്കളായ അര്‍ജന്റീനയും റണ്ണേഴ്‌സപ്പായ ബെല്‍ജിയവും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്.
2016 റിയോ ഒളിമ്പിക് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ ബെല്‍ജിയം അതിന് ശേഷം ഏറെ മെച്ചപ്പെടുകയുണ്ടായി. അതേ സമയം, ഭുവനേശ്വര്‍ ബെല്‍ജിയത്തിന് സുഖമുള്ള ഓര്‍മ സമ്മാനിക്കാത്ത വേദിയാണ്. കഴിഞ്ഞ വര്‍ഷം ഹോക്കി വേള്‍ഡ് ലീഗില്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടത് ഭുവനേശ്വറില്‍ വെച്ചായിരുന്നു.
അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2014 ചാമ്പ്യന്‍സ് ട്രോഫി ഒഡീഷ തലസ്ഥാനത്ത് നടന്നപ്പോള്‍ ബെല്‍ജിയം എട്ടാം സ്ഥാനക്കാരായിരുന്നു.

അര്‍ജന്റീനയുടെ പ്രധാന പ്രശ്‌നം ടീം വര്‍ക്ക് പ്രകടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ്. ഡ്രാഗ് ഫഌക്കര്‍ ഗോണ്‍സാലോ പെല്ലറ്റ് എന്ന ഏക താരത്തിലാണ് അര്‍ജന്റീന പ്രതീക്ഷ വെക്കുന്നത്. ഇത് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫ്രാന്‍സ് ഇരുപതാം റാങ്കിംഗിലാണ്.രണ്ട് ദശകത്തിന് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പ് യോഗ്യത നേടുന്നത്.ചൈന ആദ്യമായി ലോകകപ്പ് കളിക്കുന്നതും ശ്രദ്ധേയമാണ്.