സിഖ് വിരുദ്ധ കലാപം: പ്രതികളുടെ ഹരജികള്‍ തള്ളി

Posted on: November 28, 2018 3:49 pm | Last updated: November 28, 2018 at 6:19 pm

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരെ 88 പ്രതികള്‍ നല്‍കിയ ഹരജികള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. മുഴുവന്‍ പ്രതികളും നാലാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. വിചാരണ കോടതി വിധിച്ച അഞ്ചു വര്‍ഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി സ്ഥിരീകരിച്ചത്. 22 വര്‍ഷം മുമ്പുള്ള ഹരജികളാണ് തള്ളപ്പെട്ടത്.

1984ല്‍ അന്ന് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ സിഖ് വിരുദ്ധ കലാപം നടന്നത്. വിധിയെ ചരിത്ര പ്രധാനമെന്നു വിശേഷിപ്പിച്ച ഉയര്‍ന്ന അഭിഭാഷകന്‍ എച്ച് എസ് ഫുല്‍ക 95 പേര്‍ കൊല്ലപ്പെട്ട സംഭവമായിട്ടും ആര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്താത്തതിനെ കോടതി വിമര്‍ശിച്ചതായി വെളിപ്പെടുത്തി.

കലാപത്തില്‍ 100 വീടുകള്‍ അഗ്നിക്കിരയാക്കിയിരുന്നു. കേസില്‍ നൂറിലധികം പേരാണ് അറസ്റ്റിലായത്.