മഅ്ദിന്‍ പ്രിപ്പറേറ്ററി കോണ്‍ഫറന്‍സും ദേശീയ ദിനാഘോഷവും ശനിയാഴ്ച

Posted on: November 28, 2018 12:25 pm | Last updated: November 28, 2018 at 12:25 pm

ദുബൈ: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രിപ്പറേറ്ററി കോണ്‍ഫറന്‍സും യു എ ഇ ദേശീയ ദിനാഘോഷവും ഡിസംബര്‍ ഒന്ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിന്‍വശമുള്ള ക്രസന്റ് സ്‌കൂളില്‍ നടക്കും. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി യും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍, എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. യു എ ഇ സ്വദേശികള്‍, വാണിജ്യ പ്രമുഖര്‍, പ്രാസ്ഥാനിക നായകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

സ്‌നേഹ സഞ്ചാരം, സമാധാന സമ്മേളനം, മഹബ്ബ സമ്മേളനം, കാര്‍ഷിക പദ്ധതി അവാര്‍ഡ്, ശജറ കോണ്‍ഫറന്‍സ്, ഇന്റര്‍ ഫെയ്ത്ത് പീസ് സമ്മിറ്റ്, ആദര്‍ശ ശില്പശാല, ഖിബ്‌ല നിര്‍ണയ കാമ്പയിന്‍, കര്‍മ്മ ശാസ്ത്ര പഠന ക്യാമ്പ്, മെഡ്ഹില്‍ഫെ മെഗാമെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ വിവിധ പദ്ധതികളാണ് വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി നടന്നത്. സമാപന സമ്മേളനം ഡിസംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. നാല്പത്തഞ്ചിലധികം സ്ഥാപനങ്ങളിലായി കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് മഅദിന്‍ സ്ഥാപനങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. വിവരങ്ങള്‍ക്ക് : 055 791 6058