പ്രതിപക്ഷ ബഹളം; നിയമസഭ നിര്‍ത്തിവെച്ചു

Posted on: November 28, 2018 9:22 am | Last updated: November 28, 2018 at 12:16 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ നിയമസഭ തല്‍ക്കാലം നിര്‍ത്തിവെച്ചു. പ്രതിപക്ഷവുമായി സ്പീക്കര്‍ ചര്‍ച്ച നടത്തുകയാണ്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കവെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ആകെയുള്ള 16 ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ അപേക്ഷയുടെ പശ്ചാത്തലത്തില്‍ ഒരുമിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇതിന് മുഖ്യമന്ത്രി നാല്‍പത് മിനുട്ട് സമയമെടുത്തു. മുഖ്യമന്ത്രി ഇത്രയും സമയമെടുത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറുകയായിരുന്നു. സ്പീക്കറുടെ കാഴ്ച മറക്കും വിധം ബാനറുകളുയര്‍ത്തിയും പ്ലക്കാര്‍ഡുകളേന്തിയുമാണ് പ്രതിഷേധം. ശബരിമല വിഷയത്തില്‍ പ്രതിഷേധിക്കാനായി കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുമായാണ് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയിലെത്തിയത്.