വിദേശികളുടെ മേല്‍ ലെവി; ശുഭ വാര്‍ത്താ പ്രതീക്ഷിക്കാമെന്ന് സഊദി തൊഴില്‍ മന്ത്രി

Posted on: November 27, 2018 10:43 pm | Last updated: November 27, 2018 at 10:43 pm

ദമ്മാം: വിദേശികളായ തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംബന്ധിച്ച് ശുഭ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് സഊദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് ആല്‍ രാജിഹ് അറിയിച്ചു. വെളളിയാഴ്ച കിഴക്കന്‍ പ്രവിശ്യയില്‍ ഒരു ചാരിറ്റബില്‍ സമിതിയുടെ പതിനഞ്ചാമത് വാര്‍ഷിക ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൂന്നാം ഘട്ട മൂല്യ വര്‍ധിത നികുതി നടപ്പാക്കുന്നതിലും സന്തോഷമുള്ള വാര്‍ത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം അറിയിച്ചു.

്കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതലാണ് വിദേശികളുടെ ആശ്രിതരുടെ മേല്‍ മാസം തോറും നൂറു റിയാല്‍ ഏര്‍പ്പെടുത്തിയത്. ഈവര്‍ഷം ജൂണ്‍ മുതല്‍ ഇത് 200 റിയലാക്കി ഉയര്‍ത്തി. 2018 ജനുവരി മുതല്‍ വിദേശതൊഴിലാളികള്‍ക്ക് മാസം 300 റിയാല്‍ വീതവും ലെവി ഏര്‍പ്പെടുത്തിയിരുന്നു. സ്വദേശികളെക്കാള്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ മാസം തോറും 400 റിയാല്‍ വീതം സര്‍ക്കാറിന് നല്‍കണം.

ആശ്രിത ലെവി നല്‍കാന്‍ കഴിയാത്തതിനാല്‍ നിരവധി വിദേശികള്‍ തങ്ങളുടെ കുടുംങ്ങളെ നാട്ടിലേക്കയച്ചിരുന്നു. അതേ സമയം ലെവി പൂര്‍ണമായും റദ്ദു ചെയ്തതായുള്ള വാര്‍ത്തകള്‍ സാമുഹ്യ മാധ്യമങ്ങളിലും മറ്റു പ്രചരിച്ചു തുടങ്ങി. ലെവി റദ്ദു ചെയ്യുന്നതു സംബന്ധിച്ച് മന്ത്രി വിശദമായൊന്നും വ്യക്തമാക്കിയിട്ടില്ല.