സിജി സ്ഥാപകന്‍ ഡോ. കെ എം അബൂബക്കര്‍ അന്തരിച്ചു

Posted on: November 27, 2018 10:18 pm | Last updated: November 27, 2018 at 10:18 pm

കൊച്ചി: സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) യുടെ സ്ഥാപകനും ബാബാ അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ മുന്‍ സൈന്റിഫിക് ഓഫീസറുമായ ഡോ കെ.എം. അബൂബക്കര്‍ (90) അന്തരിച്ചു. ഫാറൂഖ് കോളജ് അധ്യാപകന്‍, അലീഗഡ് മുസ്‌ലിം സര്‍വകലാശാല ഫാക്കല്‍റ്റി അംഗം, അല്‍ഫാറൂഖ് എജ്യുക്കേഷണല്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1996 നവംബര്‍ 1ന് ഡോ. കെ.എം അബൂബക്കറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സിജി, ഉപരിപഠന തൊഴില്‍ മാര്‍ഗനിര്‍ദേശക രംഗത്ത് രാജ്യത്തിനകത്തും പുറത്തും കഴിഞ്ഞ 22 വര്‍ഷമായി മികച്ച സേവനം നടത്തുന്നു. അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി സിവില്‍ സര്‍വീസ് ഗൈഡന്‍സ് സെന്റര്‍ ഉപദേശകസമിതി, കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്.

എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബി.എസ്.സി കെമിസ്ട്രിയുംഅലീഗഡ് മുസ്ലിം സര്‍വ്വകാലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എം.എസ്.സിയും അവിടെനിന്ന് തന്നെ പി.എച്ച്.ഡിയും കരസ്ഥമാക്കിയ ഡോ. കെ.എം അബൂബക്കര്‍ 1959 മുതല്‍ 1989 വരെ ബാബ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ സേവനമനുഷ്ഠിച്ചു.

ഭാര്യമാര്‍: പരേതയായ ആയിഷ, ഹാജറ. മക്കള്‍: സായ (അബൂദാബി മിലിട്ടറി ആശുപത്രിയില്‍ ബയോടെക്‌നോളജി വിഭാഗം മേധാവി),നാസ് (വാഷിംങ്ടണില്‍ ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സീനിയര്‍ ജെറിയാട്രീഷ്യന്‍). ഡോ.ഗുല്‍നാര്‍ ബാര്‍ക്കില്‍ മെറ്റലര്‍ജി വിഭാഗം സീനിയര്‍ ശാസ്ത്രജ്ഞ. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ പുളുക്കൂല്‍, ഡോ. ഐജാസ് ഹുസൈന്‍, വി എ അബ്ദുല്‍ കരീം. ഖബറടക്കം നാളെ എറണാകുളം എടവനക്കാട് നായരമ്പലം ജുമുഅ മസ്ജിദില്‍ രാവിലെ 10:30ന് നടക്കും.