ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: November 27, 2018 7:12 pm | Last updated: November 27, 2018 at 9:40 pm

തിരുവനന്തപുരം: കോക്‌ളിയറിന്റെ ആഗോള ഹിയറിംഗ് അംബാസിഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം കേള്‍വി ശേഷി സംബന്ധിച്ച പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയം നടന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് കേരളത്തില്‍ ജനിക്കുന്ന നൂറു കുട്ടികളില്‍ 86 പേരേയും കേള്‍വി ശേഷി പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഇത് പൂര്‍ണ തോതിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവജാത ശിശുക്കളിലെ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തത്‌സമയം രേഖപ്പെടുത്താനും ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളുമായി പങ്കുവെക്കാനും നിലവില്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ നവജാത ശിശുക്കളിലും പരിശോധന നടത്തണമെന്നും അതു വഴി കേള്‍വി പ്രശ്‌നമുള്ള കുട്ടികളെ നേരത്തേ തന്നെ കണ്ടെത്തി കേള്‍വി സഹായികളോ, കോക്‌ളിയര്‍ ഇംപ്ലാന്റോ പോലുള്ള നടപടികള്‍ നേരത്തേ തന്നെ സ്വീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2017ല്‍ താന്‍ നടത്തിയ സന്ദര്‍ശനത്തെ അപേക്ഷിച്ച് ഈ രംഗത്ത് കേരളം വളരെ മികച്ച രീതിയിലുള്ള പുരോഗതി നേടിയിട്ടുണ്ടെന്ന് ബ്രെറ്റ് ലീ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 66 മെറ്റേണിറ്റി കേന്ദ്രങ്ങളില്‍ നവജാത ശിശുക്കള്‍ക്കളുടെ കേള്‍വി ശേഷി നഷ്ടത്തെക്കുറിച്ചുള്ള പരിശോധനയ്ക്ക് തുടക്കം കുറിച്ചതോടെ എല്ലാ നവജാത ശിശുക്കള്‍ക്കും കേള്‍വി പരിശോധന നടത്താനായുള്ള അഖിലേന്ത്യാ തലത്തിലെ നീക്കങ്ങള്‍ക്കു ഉദാഹരണമായി കേരളത്തെ ചൂണ്ടിക്കാട്ടാനാവുമെന്ന് അദ്ദേഹം പറഞ്ഞു.