ലക്ഷം വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ‘റോഡ് ടു മഅ്ദിന്‍’ പരിപാടിക്ക് തുടക്കം

Posted on: November 27, 2018 6:57 pm | Last updated: November 27, 2018 at 6:57 pm
‘റോഡ് ടു മഅ്ദിന്‍’ പരിപാടിയുടെ ഉദ്ഘാടനം കൊളത്തൂര്‍ ഇര്‍ശാദിയ്യയില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിക്കുന്നു.

മലപ്പുറം: ‘ജ്ഞാനസമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമാപന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഐ എ എം ഇ മലപ്പുറം സോണിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘റോഡ് ടു മഅ്ദിന്‍’ പര്യടനത്തിന് തുടക്കമായി. ഐ എ എം ഇ സംസ്ഥാന സെക്രട്ടറി നൗഫല്‍ മാസ്റ്റര്‍ കോഡൂരാണ് യാത്ര നയിക്കുന്നത്. വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ലക്ഷം വിദ്യാര്‍ത്ഥികളുമായി യാത്രയില്‍ സംവാദമൊരുക്കും.

മഅ്ദിന്‍ അക്കാദമി മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ദൃശ്യാവിഷ്‌കാരം, സ്‌പോട്ട് ക്വിസ്, മെസേജിംഗ്, മോട്ടീവ് ടോക്ക് എന്നിവ പര്യടനത്തിന്റെ ഭാഗമായി നടക്കും. കൊളത്തൂര്‍ ഇര്‍ശാദിയ്യ: ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന സോണ്‍തല ഉദ്ഘാടനം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു. ഇര്‍ശാദിയ്യ ജനറല്‍ സെക്രട്ടറി പി അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു.

ഐ എ എം ഇ സോണ്‍ ചെയര്‍മാന്‍ മുഹമ്മദ് ശാഫി പി.കെ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് അശ്കര്‍.സി.കെ, മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ. പി, ഐ എ എം ഇ സോണ്‍ കണ്‍വീനര്‍ അബ്ദുര്‍റഹ്മാന്‍ ചെമ്മങ്കടവ്, ഡോ. ശാക്കിര്‍, അശ്കര്‍ സഖാഫി, യു ടി എം ശമീര്‍ പുല്ലൂര്‍, കുഞ്ഞീതു സി. പി, മാനേജര്‍ പി.അബൂബക്കര്‍ ഹാജി സംസാരിച്ചു. മറ്റന്നാള്‍ (വ്യാഴം) രാവിലെ ഒമ്പത് മണിക്ക് കൊളമംഗലം എം ഇ ടി സ്‌കൂള്‍, നുസ്‌റത്ത് രണ്ടത്താണി, തിരൂര്‍ എം ഇ ടി സെന്‍ട്രല്‍ സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.