സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് വൈസനിയം സ്‌നേഹ യാത്ര; ഡിസംബര്‍ രണ്ടിന് കാസര്‍കോട് നിന്ന് തുടക്കം

Posted on: November 27, 2018 6:41 pm | Last updated: December 26, 2018 at 4:37 pm

മലപ്പുറം: മാനവിക ഐക്യവും മത സൗഹാര്‍ദവും ഉയര്‍ത്തി സ്‌നേഹ കൈരളിക്കായി കൈകോര്‍ത്ത് മഅ്ദിന്‍ വൈസനിയം സ്‌നേഹ യാത്ര ഡിസംബര്‍ രണ്ടിന് ആരംഭിക്കും. പ്രളയ മുഖത്ത് ഒന്നിച്ച കേരള ജനതയുടെ ഐക്യവും സാഹോദര്യവും നവകേരള നിര്‍മ്മിതിക്കായി വിനിയോഗിക്കുന്നതിനും നന്മ നിറഞ്ഞ നാളെയെ നിര്‍മ്മിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 50 മാനവിക സമ്മേളനവും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി സ്‌നേഹ യാത്രക്ക് തുടക്കം കുറിക്കും. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര 15ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തിന് പുറമെ തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളിലും യാത്ര പര്യടനം നടത്തും.

ഉദ്ഘാടന സമ്മേളനം ഡിസംബര്‍ 2ന് വൈകുന്നേരം നാലിന് കാസര്‍കോട് ഹൊസങ്കടിയില്‍ കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് സ്‌നേഹ പ്രഭാഷണം നടത്തും. ഡോ. മോര്‍ഗന്‍ ഡേവിസ്, അമേരിക്ക മുഖ്യാഥിതിയാകും.

ചടങ്ങില്‍ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലായര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ഡോ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് ത്വാഹാ അസ്സഖാഫി കുറ്റിയാടി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, പി. എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സി എന്‍ ജാഫര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് സംബന്ധിക്കും.