തിരികെ വേണം കരിപ്പൂര്‍; മലബാറുകാര്‍ക്ക് വീണ്ടും ആഹ്ലാദം

Posted on: November 27, 2018 6:23 pm | Last updated: November 27, 2018 at 6:23 pm

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെയും മറ്റുമുള്ള നിരന്തര ഇടപെടലുകളിലൂടെയാണ് ഏറെ വൈകിയെങ്കിലും, വ്യോമയാന മന്ത്രാലയത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂരില്‍ വീണ്ടും അനുമതി ലഭ്യമായത്.

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അടുത്ത മാസം അഞ്ച് മുതല്‍ സഊദി എയര്‍ലൈന്‍സിലൂടെ വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും ആരംഭിക്കുന്നത് ആഹ്ലാദകരമാണെന്ന് മലബാര്‍ പ്രവാസി സൗഹൃദവേദി.
ചില സ്വകാര്യ-സങ്കുചിത താല്പര്യക്കാരുടെ വഞ്ചനയാല്‍ അകാരണമായി തരം താഴ്ത്തപ്പെട്ട കരിപ്പൂര്‍ വിമാനത്താവളം ചിറകുമുളച്ചു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് സാധാരണ പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നു. ഗള്‍ഫ് മേഖലയിലെയും മറ്റും യാത്രക്കാര്‍ക്ക് ഇതുമൂലം നേരിട്ടു യാത്ര ചെയ്യാനും യാത്രാകൂലിയില്‍ ഇളവു നേടാനും സാധ്യമായേക്കും.

പ്രവാസലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹം ഭാരിച്ച തുക നല്‍കാതെ നേരിട്ടു നാട്ടിലെത്തിക്കാനും അവസരമൊരുങ്ങും. വികസനം മുരടിച്ചു പോയ മലബാര്‍ പ്രദേശത്തെ വാണിജ്യ-കയറ്റിറക്ക്-ടൂറിസം മേഖലകളിലും ഇനി പുത്തനുണര്‍വുണ്ടാകും.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെയും മറ്റുമുള്ള നിരന്തര ഇടപെടലുകളിലൂടെയാണ് ഏറെ വൈകിയെങ്കിലും, വ്യോമയാന മന്ത്രാലയത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്കായി കരിപ്പൂരില്‍ വീണ്ടും അനുമതി ലഭ്യമായത്. വിമാനത്താവളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനായി അക്ഷീണം പ്രയത്‌നിച്ച മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിനും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്കും യു എ ഇ യിലെ മലബാര്‍ പ്രവാസി സൗഹൃദ വേദി നന്ദി അറിയിച്ചു.

ഒപ്പം യു എ ഇ പ്രവാസലോകത്തു നിന്നും ഇതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിച്ച, ‘തിരികെ വേണം കരിപ്പൂര്‍’ കാമ്പയിനിലും ഡല്‍ഹി പാര്‍ലിമെന്റ് മാര്‍ച്ചിലും പങ്കെടുത്തവരോടും കടപ്പാട് അറിയിക്കുന്നതായും മലബാര്‍ പ്രവാസി സൗഹൃദ വേദി പ്രതിനിധികളായ അശ്‌റഫ് താമരശ്ശേരി, ഫൈസല്‍ മലബാര്‍, മോഹന്‍ വെങ്കിട്ട്, രാജന്‍ കൊളാവിപാലം, അഡ്വ. മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ്, റിയാസ് ഹൈദര്‍ എന്നിവര്‍ അറിയിച്ചു.