ദുബൈയില്‍ ബോട്ട് മുങ്ങി അപകടത്തില്‍ പെട്ട നാവികരെ രക്ഷിച്ചു

Posted on: November 27, 2018 6:03 pm | Last updated: November 27, 2018 at 6:03 pm

ദുബൈ: ദുബൈ ഐലന്‍ഡിനരികില്‍ ദുബൈ വാട്ടര്‍ ഫ്രണ്ട് ഭാഗത്ത് ബോട്ട് മുങ്ങി അപകടത്തില്‍പെട്ട നാവികരെ ദുബൈ പോലീസ് മറൈന്‍ റെസ്‌ക്യൂ വിഭാഗം രക്ഷപ്പെടുത്തി. ദുബൈ പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ മറൈന്‍ റെസ്‌ക്യൂ ടീമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരെയും രക്ഷപ്പെടുത്തി. ഇതില്‍ രണ്ട് പേര്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലേക്ക് വീണിരുന്നു.

അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടനെ പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷാ ദൗത്യ സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. മികച്ച രീതിയിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ അതിവിദഗ്ധമായാണ് സംഘം നാവികരെ രക്ഷപ്പെടുത്തിയതെന്ന് പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ആക്റ്റിംഗ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ മദനി പറഞ്ഞു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തിരമാലകള്‍ക്ക് ശക്തി പ്രാപിച്ച് ഏഴടിയോളം ഉയര്‍ന്നതും കാഴ്ച പരിധി കുറഞ്ഞതും ബോട്ട് അപകടത്തില്‍പെടുന്നതിന് ഇടവരുത്തി. മോശം കാലാവസ്ഥ മൂലം ഉദ്ദിഷ്ട സ്ഥലം കണ്ടുപിടിക്കുന്നതിന് ബോട്ടിലെ നാവികര്‍ക്ക് കഴിയാതെ പോകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അത്യാധുനിക സംവിധാനത്തോടെയുള്ള ജി പി എസ് ഉപകരണം ബോട്ടില്‍ സ്ഥാപിച്ചിട്ടില്ല. അതേസമയം, രക്ഷാ ദൗത്യ സംഘം അപകടത്തില്‍ പെട്ടവരെ കണ്ടുപിടിക്കുന്നതില്‍ വിജയിച്ചു. ആദ്യം അഞ്ചുപേരെയാണ് രക്ഷപെടുത്തിയത്. പിന്നീട് ശക്തമായ തിരമാലയില്‍പെട്ട് ഒലിച്ചുപോയ മറ്റ് രണ്ട് പേരെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് പേരില്‍ ഒരാളുടെ കാലിലെ എല്ല് ഒടിഞ്ഞിരുന്നു. ശക്തമായ തിരമാലകളുടെ ഇടയില്‍ പെട്ടതാണ് എല്ല് പൊട്ടുന്നതിന് ഇടയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബൈയില്‍ അത്യാഹിതങ്ങളുണ്ടായാല്‍ വ്യക്തമായ വിവരങ്ങള്‍ സഹിതം ദുബൈ പോലീസിന്റെ 999 എന്ന നമ്പറിലേക്കും മറ്റ് അന്വേഷണങ്ങള്‍ക്കായി 901 എന്ന നമ്പറിലേക്കും വിളിക്കണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.