അധികാരമുപയോഗിച്ച് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഭരണ സമിതി അംഗത്തിനും കോച്ചിനുമെതിരെ ആഞ്ഞടിച്ച് മിതാലി

Posted on: November 27, 2018 5:55 pm | Last updated: November 27, 2018 at 8:01 pm


ന്യൂഡല്‍ഹി: ഭരണ സമിതി അംഗം ദിയാന എദുല്‍ജിക്കും കോച്ച് രമേഷ് പവാറിനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. അധികാരത്തിലുള്ള ചിലര്‍ ചേര്‍ന്ന് തന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
തന്നെ ഒഴിവാക്കുന്നതിന് എദുല്‍ജി തന്റെ അധികാരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് മിതാലി പറഞ്ഞു. ലോക വനിത ട്വന്റി ട്വന്റി സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ തന്നെ അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മിതാലി. മത്സരത്തില്‍ എട്ടു വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടൂര്‍ണമെന്റിലെ ഗ്രൂപ്പ് സ്റ്റേജില്‍ ശരാശരി 50 റണ്‍സ് നേടിയിട്ടും മിതാലിയെ മൈതാനത്തിനു പുറത്തിരുത്തുകയായിരുന്നു.

’20 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായി കടുത്ത നിരാശയിലാണ് ഞാന്‍. എന്നെ തകര്‍ക്കാനും ആത്മവിശ്വാസം കെടുത്താനും അധികാരത്തിലുള്ള ചിലര്‍ ശ്രമിക്കുമ്പോള്‍ രാജ്യത്തോടുള്ള തന്റെ സേവനത്തിന് എന്തു വിലയാണുള്ളതെന്ന് ചിന്തിക്കാന്‍ നിര്‍ബന്ധിതയാവുകയാണ്.’- ബി സി സി ഐ സി ഇ ഒ. രാഹുല്‍ ജോഹ്‌രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സബ കരീമിനും നല്‍കിയ കത്തില്‍ മിതാലി വ്യക്തമാക്കി.

ട്വന്റി ട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സൂചിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അവസാന ഇലവനില്‍ എന്നെ ഉള്‍പ്പെടുത്താതിരിക്കാനുള്ള കോച്ചിന്റെ തീരുമാനത്തെ അവര്‍ പിന്തുണച്ചത് അമ്പരപ്പിക്കുന്നതും വേദനാജനകവുമാണ്. രാജ്യത്തിനു വേണ്ടി ലോകകപ്പ് നേടാന്‍ ആഗ്രഹിച്ചിരുന്നു. ഒരു സുവര്‍ണാവസരം നമുക്ക് നഷ്ടപ്പെട്ടത് വേദനയുണ്ടാക്കുന്നു.

ദിയാന എദുല്‍ജിയില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. ഭരണ സമിതി അംഗമെന്ന നിലയില്‍ എപ്പോഴും അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. സ്വന്തം അധികാരം എനിക്കെതിരെ ഉപയോഗപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- കത്തില്‍ പറഞ്ഞു.

കോച്ച് രമേഷ് പവാര്‍ നിരവധി സന്ദര്‍ഭങ്ങളിലായി തന്നെ അവഗണിച്ചു. ഞാന്‍ ചുറ്റുവട്ടത്ത് എവിടെയെങ്കിലും ഇരിക്കുന്നതു കണ്ടാല്‍ അദ്ദേഹം എഴുന്നേറ്റു പോകും. മറ്റുള്ളവര്‍ നെറ്റില്‍ പരിശീലനം നടത്തുന്നത് നിരീക്ഷിക്കുന്ന പവാര്‍ ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അകന്നുപോകും. കോച്ചിന്റെ സമീപത്തു ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചാല്‍ ഫോണില്‍ നോക്കിക്കൊണ്ട് അവിടം വിട്ടുപോകും- മിതാലി വിശദീകരിച്ചു.