വയല്‍ക്കിളികള്‍ക്ക് തെറ്റു തിരുത്തി പാര്‍ട്ടിയിലേക്ക് തിരികെ വരാം : പി ജയരാജന്‍

Posted on: November 27, 2018 1:15 pm | Last updated: November 27, 2018 at 2:06 pm

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നകന്നവരെ തിരികെ വിളിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ട വയല്‍ക്കിളികളെ പാര്‍ട്ടിയിലേക്ക് തിരികെ ക്ഷണിക്കുകയാണെന്ന് പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയവര്‍ക്ക് തെറ്റ് തിരുത്തി തിരികെ വരാം. വയല്‍ക്കിളികളുടെ സമരം ഇനി മുന്നോട്ട് പോകില്ല. സമരത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കാപ്ട്യത്തിന്റെ ആള്‍ക്കൂട്ടമാണ് സംഘപരിവാര്‍. വയല്‍ക്കിളികള്‍ ഇനിയെങ്കിലും അത് തിരിച്ചറിയണം. കീഴാറ്റൂരിലെ അതേ ഇരട്ടത്താപ്പാണ് ബിജെപി ശബരിമലയിലും നടത്തുന്നതെന്നും ജയരാജന്‍ പറഞ്ഞു.

അതേ സമയം ചര്‍ച്ചകള്‍ക്ക് സാധ്യത തുറന്നിടുന്ന സിപിഎമ്മിന്റെ സമീപനം സ്വാഗതാര്‍ഹമാണെന്നും വയല്‍ സംരക്ഷിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചകള്‍ക്കും തയ്യാറാണെന്നും വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ ഇതിനോട് പ്രതികരിച്ചു.