കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെയുള്ള ബോംബേറ് ; ആര്‍എസ്എസ് ജില്ലാ കാര്യവാഹക് അടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Posted on: November 27, 2018 12:50 pm | Last updated: November 27, 2018 at 1:27 pm

കോഴിക്കോട്: സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബോംബെറിയുകയും ജില്ലാ സെക്രട്ടറി പി മോഹനനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ആര്‍എസ്എസ് കോഴിക്കോട് ജില്ലാ കാര്യവാഹക് രൂപേഷ്, നാദാപുരം സ്വദേശി ഷിജിന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ സിഎച്ച് കണാരന്‍ മന്ദിരത്തിന് നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തുന്നതിന് മിനുട്ടുകള്‍ മുമ്പായിരുന്നു ആക്രമണം. സംഭവത്തിന് പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഗൂഢാലോചനക്കാരെ കണ്ടെത്തേണ്ടതിനാലാണ് അറസ്റ്റ് നടപടികള്‍ വൈകിയത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാല് പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും മൂന്ന് പേരാണ് ഹാജരായത്. മറ്റൊരാള്‍ ഉച്ചയോടെ എത്തുമെന്നാണറിയുന്നത്.വധശ്രമം, സ്‌ഫോടക വസ്തു ഉപയോഗം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. രണ്ട് സ്റ്റീല്‍ ബോംബുകളാണ് ഓഫീസിന് നേരെ അക്രമികള്‍ എറിഞ്ഞത്.