തീവ്രവാദം ഉപേക്ഷിച്ച് സൈനികനായ യുവാവിന് വീരമൃത്യു

Posted on: November 27, 2018 12:50 pm | Last updated: November 27, 2018 at 1:48 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭൂതകാലം തീവ്രവാദ പ്രവര്‍ത്തനത്തിന്റെത്. 2004നു മുമ്പ് തീവ്രവാദിയായിരുന്ന ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനി (38) സൈന്യത്തിനു കീഴടങ്ങുകയും പിന്നീട് സൈന്യത്തില്‍ ചേരുകയുമായിരുന്നു. തുടര്‍ന്ന് തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കി. സൈന്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് 2007, 2008 വര്‍ഷങ്ങളില്‍ ധീരതക്കുള്ള സേനാ മെഡല്‍ അദ്ദേഹത്തെ തേടിയെത്തി.

ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയിലെ തീവ്രവാദ ബാധിതമായ ചെകി അശ്മുജി ഗ്രാമ നിവാസിയായ വാനി 2004ല്‍ അതിര്‍ത്തി സേനയുടെ 162 ാം ബറ്റാലിയനിലാണ് തന്റെ സൈനിക ജീവിതം ആരംഭിച്ചത്. അക്രമത്തിന്റെ നിരര്‍ഥകത മനസ്സിലാക്കിയാണ് വാനി തീവ്രവാദം ഉപേക്ഷിച്ച് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായതെന്ന് ഒരു സൈനിക മേധാവി പറഞ്ഞു.

വീര ജവാന്റെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ആദരസൂചകമായി സൈന്യം ആകാശത്തേക്ക് 21 വെടിയുതിര്‍ത്തു. ഷോപിയാനിലെ ബദാകുണ്ഡ് ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് വാനിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കി അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഘട്ടനത്തില്‍ ആറു തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നിരുന്നു.