Connect with us

Editorial

ജയിലുകളില്‍ ഇരട്ട നീതി?

Published

|

Last Updated

രാജ്യത്തെ ജയിലുകളില്‍ സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ? സുപ്രീം കോടതിയുടേതാണ് ചോദ്യം. തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന യൂനിടെക് എം ഡി സഞ്ജയ് ചന്ദ്രക്കും സഹോദരന്‍ അജയിനും ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവര്‍ക്കും എല്‍ ഇ ഡി ടി വി, സോഫ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയത്. ആരോപണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ നാലിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജയിലില്‍ പരിശോധന നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് “യൂനിടെക് ഉടമകള്‍ക്ക് ജയിലില്‍ എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ ഉണ്ടോ? ജയിലില്‍ സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ?” എന്നു കോടതി ചോദിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

നിയമത്തിന്റെ മുമ്പില്‍ തടവുകാരെല്ലാം ഒരുപോലെയാണ്. ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സാധാരണക്കാരന് ജയിലില്‍ മോശമായ അന്തരീക്ഷവും ഭക്ഷണവും, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക പ്രമുഖര്‍ക്ക് ഉയര്‍ന്ന സൗകര്യങ്ങള്‍ എന്ന വേര്‍തിരിവ് നീതിശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും നിയമത്തിനുമെതിരാണ്. പറഞ്ഞിട്ടെന്ത്? ജയില്‍ അധികൃതര്‍ തടവുകാരെ രണ്ട് കണ്ണോടെ കാണുകയും ചിലര്‍ക്ക് അത്യാഡംബര സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന പ്രവണത കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്നതാണ്. അനധികൃത സ്വത്തു സമ്പാദന കേസില്‍ എ ഐ എ ഡി എം കെ നേതാവ് ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ കിടക്കാന്‍ പ്രത്യേക മുറി, പ്രത്യേക അടുക്കള, വിലകൂടിയ ചുരിദാര്‍, ടി വി, പരിചരിക്കാന്‍ സഹതടവുകാര്‍, വിലക്കില്ലാതെ സന്ദര്‍ശകരെ കാണാനുള്ള സൗകര്യം തുടങ്ങിയവ ലഭിച്ചിരുന്നു. ജയില്‍ ഡി ഐ ജി യായിരുന്ന ഡി രൂപ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശശികല ജയിലില്‍ നിന്ന് ഇടക്കിടെ പുറത്തുപോകാറുണ്ടായിരുന്നുവെന്നും ആരോപണമുയര്‍ന്നു. ജയില്‍ ഉദ്യോഗസ്ഥരെ സാമ്പത്തികമായി സ്വാധീനിച്ചാണ് ശശികല ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയത്. കാലിത്തീറ്റ കേസില്‍ ജയിലിലായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവിനും ജയില്‍വാസം പരമസുഖമായിരുന്നു. പ്രത്യേക കുളിമുറിയും ടി വിയുമുള്ള ജയിലിലെ കോട്ടേജിലായിരുന്നു താമസം. കോട്ടേജില്‍ അദ്ദേഹത്തിനു വേണ്ടി എയര്‍കണ്ടീഷന്‍ സ്ഥാപിക്കുകയും ചെയ്തു. ജനപ്രതിനിധികള്‍ക്ക് നിയമനിര്‍മാണ സഭക്ക് പുറത്ത് പ്രത്യേക പരിരക്ഷക്ക് അര്‍ഹതയില്ലെന്ന് മധ്യപ്രദേശ് ലോകായുക്ത നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്.

ജയിലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ മോചിപ്പിക്കുന്നതില്‍ അധികൃതര്‍ വിവേചനം കാണിക്കുന്നതായി ഇതിനിടെ വിയ്യൂര്‍ ജയിലിലെ തടവുകാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഒരേ ഗൗരവമുള്ള കുറ്റകൃത്യം ചെയ്തവരും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരുമായ തടവുകാരില്‍ പലരും കാലാവധി മുഴുവന്‍ ജയിലില്‍ കിടക്കുമ്പോള്‍ ചിലരെ ആറും എട്ടും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വിട്ടയക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. നക്‌സല്‍ നേതാവ് വര്‍ഗീസിനെ വെടിവെച്ചു കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഐ ജി ലക്ഷ്മണ രണ്ടര വര്‍ഷം മാത്രം കിടന്നപ്പോള്‍ ജയില്‍മോചിതനായത് ഭരണനേതൃത്വങ്ങളിലുള്ള പിടിപാട് മൂലമായിരുന്നല്ലോ. തീവ്രവാദ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനിക്ക് രോഗിയായി അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പോലും ജാമ്യത്തിന് അധികൃതര്‍ വിലങ്ങു തീര്‍ക്കുമ്പോള്‍, കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ തടവുകാര്‍ക്ക് സ്വന്തം നാട്ടില്‍ ക്രിസ്മസ് ആഘോഷത്തിനു പോകാന്‍ അനുവാദം വേണമെന്ന് ആവശ്യം അംഗീകരിച്ചു കൊടുത്ത ഇരട്ടത്താപ്പ് നാം കണ്ടതാണ്. നല്ല നടപ്പുകാരായ തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവു നല്‍കാമെന്നു ചട്ടം പറയുന്നുണ്ട്. തടവില്‍ കഴിയുന്ന കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കുവാനുള്ള മനോഭാവവും പരിഗണിച്ചാണ് ഇത് നല്‍കേണ്ടത്. എന്നാല്‍ ജയിലിലെ നല്ല നടപ്പുകാര്‍ ഇളവ് ലഭിക്കാതെ കാലാവധി പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, ദുര്‍നടപ്പുകാര്‍ പല വിധ സ്വാധീനത്തില്‍ നേരത്തേ പുറത്തുവരുന്നതാണ് പൊതുവെ കണ്ടുവരാറ്.

ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുന്നതോടൊപ്പം തടവുകാലം കഴിയുന്നതോടെ കുറ്റവാളിയെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയെന്നതു കൂടിയാണ് ജയിലുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതു സാധ്യമാകണമെങ്കില്‍ കുറ്റവാളി ജയില്‍ ജീവിതത്തിന്റെ പ്രയാസങ്ങളും നൊമ്പരങ്ങളും അനുഭവിക്കണം. തടവുശിക്ഷയുടെ കാഠിന്യം അറിയണം. എന്നാല്‍ രാഷ്ട്രീയ പ്രമുഖര്‍ക്കും സാമ്പത്തിക സ്വാധീനമുള്ളവര്‍ക്കും ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍, സ്വന്തം വീടിനു പകരം അതേ സൗകര്യങ്ങളുള്ള മറ്റൊരു വീട് എന്ന സ്ഥിതിയാണ് അവര്‍ക്കനുഭവപ്പെടുന്നത്. ശിക്ഷ ഇവിടെ കേവലം വാക്കുകളില്‍ ഒതുങ്ങുകയാണ്. ഇത്തരം “ശിക്ഷ”കള്‍ ജീവിതത്തില്‍ അവര്‍ക്കൊരു മാറ്റവും വരുത്തുന്നില്ല. മാത്രമല്ല, ഈ ഇരട്ടത്താപ്പ് കാണുന്ന മറ്റു തടവുകാര്‍ക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും നീതിനിര്‍വഹണത്തിലും വിശ്വാസം നഷ്ടപ്പെടാനും നീരസം ഉടലെടുക്കാനും ഇടയാക്കുകയും ചെയ്യും.

ഏതു വ്യക്തിക്കും നിയമത്തിനു മുന്നിലുള്ള തുല്യതയും തുല്യമായ നിയമസംരക്ഷണവും ഉറപ്പ് നല്‍കുന്നുണ്ട്് ഭരണഘടനയുടെ 14-ാം അനുഛേദം. അതിന്റെ പ്രയോഗവത്കരണത്തില്‍ അക്ഷന്തവ്യമായ വീഴ്ചകളാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിച്ച് ജയിലുകളില്‍ തുല്യ നീതി ഉറപ്പു വരുത്താന്‍ ജുഡീഷ്യറി മുന്‍കൈയെടുക്കേണ്ടതാണ്.