ടാങ്കര്‍ ലോറിയില്‍ നിന്ന് പെട്രോള്‍ ചോര്‍ന്നു; പരിഭ്രാന്തി

Posted on: November 26, 2018 5:24 pm | Last updated: November 26, 2018 at 7:06 pm

കായംകുളം: ടാങ്കര്‍ ലോറിയില്‍ നിന്നു പെട്രോള്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി.
ദേശീയപാതയില്‍ കരീലകുളങ്ങര ജംഗ്ഷനു സമീപം ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. എറണാകുളം ഇരുമ്പനത്ത് നിന്നും തിരുവനന്തപുരത്തേക്ക് പെട്രോളുമായി പോകുകയായിരുന്ന ബിപിസിഎല്ലിന്റെ പെട്രോള്‍ ടാങ്കറില്‍ നിന്നാണ് ചോര്‍ച്ച ഉണ്ടായത്.

കരിയിലകുളങ്ങര ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന് മുന്‍വശത്ത് എത്തിയപ്പോഴാണ് ചോര്‍ച്ച െ്രെഡവറുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കായംകുളത്തുനിന്നും രണ്ട് യൂനിറ്റ് അഗ്‌നിശമനസേന സ്ഥലത്തെത്തി അപകടം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എടുത്തു. പോലീസ് അതു വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

പിന്നീട് ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കന്നത്താലും മൂടിന് സമീപമുള്ള പെട്രോള്‍ പമ്പിലേക്ക് ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കിയ ശേഷം പെട്രോള്‍ നീക്കം ചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.