Connect with us

Kerala

ആറ് വര്‍ഷം, അമ്പത് റാങ്ക് ലിസ്റ്റ്; പി എസ് സിയെ ത്രില്ലാക്കിയ മന്‍സൂര്‍ അലി

Published

|

Last Updated

മലപ്പുറം: പി എസ് സി എങ്ങനെ കൈപ്പിടിയിലൊതുക്കണമെന്ന് മന്‍സൂര്‍ അലിയോട് ചോദിച്ചാല്‍ മതി, എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ വിജയഗാഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷത്തിനിടെ 50 പി എസ് സി റാങ്ക് ലിസ്റ്റിലാണ് ഇടം നേടിയിരിക്കുന്നത്. 36 നിയമന ശിപാര്‍ശ വേണ്ടെന്ന് വെച്ചു. പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ മന്‍സൂര്‍ അലി ഇപ്പോള്‍ കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ടാണ്.
കിട്ടിയ സര്‍ക്കാര്‍ ജോലിയുമായി ഒതുങ്ങി കൂടാതെ മറ്റുള്ളവരെയും കൂടി സര്‍ക്കാര്‍ സര്‍വീസില്‍ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് ഈ യുവാവ്. ഇതിന് “പി എസ് സി ത്രില്ലര്‍” എന്ന ഫേസ്ബുക്ക് പേജില്‍ സൗജന്യ പരിശീലനമാണ് നല്‍കുന്നത്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഈ പേജ് ഫോളോ ചെയ്യുന്നത്.

പി എസ് സിക്ക് പഠിക്കാനാവശ്യമായ വിവരങ്ങളും അതിന്റെ വിദ്യകളുമെല്ലാം ഇതില്‍ നല്‍കുന്നുണ്ട്. ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിലും എന്തും സ്വന്തമാക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് 31കാരനായ ഈ യുവാവ്.
പത്താം വയസ്സില്‍ പിതാവ് മുഹമ്മദ് കുട്ടിയും 17ാം വയസ്സില്‍ മാതാവ് ആഇശയും മന്‍സൂര്‍ അലിക്ക് നഷ്ടമായി. സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റിയൊരു ജോലിയായിരുന്നു പിന്നീട് മന്‍സൂര്‍ അലിക്ക് ആവശ്യം. ഇതേ തുടര്‍ന്ന് നിശ്ചയദാര്‍ഢ്യത്തോടെ പി എസ് സിക്ക് വേണ്ടി പഠനം തുടങ്ങി.
കോച്ചിംഗ് സെന്ററുകളിലൊന്നും അലയാതെ സ്വന്തമായി വീട്ടിലിരുന്നായിരുന്നു പഠനം. പി എസ് സി നടത്തിയ ചോദ്യ പേപ്പറുകള്‍ വിശകലനം ചെയ്തുള്ള പഠന രീതിയായിരുന്നു ആദ്യ കാലത്ത് പിന്തുടര്‍ന്നത്. അറിയാത്ത കാര്യങ്ങളെല്ലാം നോട്ടില്‍ കുറിച്ചിടും. ഇടക്കിടെ ഇത് വായിച്ച് പഠിക്കും.

19ാം വയസില്‍ പോലീസ് കോണ്‍സ്റ്റബിളായി ആദ്യത്തെ നിയമനം. ട്രെയ്്‌നിംഗിന് ചേര്‍ന്നെങ്കിലും അഞ്ച് മാസത്തിന് ശേഷം വേണ്ടെന്നുവെച്ചു. ഉന്നത പഠനം നേടി കോളജ് അധ്യാപകനാകണമെന്ന സ്വപ്‌നവുമായി മണ്ണാര്‍ക്കാട് കല്ലടി എം ഇ എസ് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഫാറൂഖ് കോളജില്‍ നിന്ന് ബി എഡും നേടി. ഇതിന് കൂടെ നെറ്റും സെറ്റും കെടെറ്റുമെല്ലാം എഴുതിയെടുത്തു.
കല്ലടി എം ഇ എസ് കോളജില്‍ രണ്ട് വര്‍ഷവും നെന്മാറ എസ് എന്‍ കോളജില്‍ ഒരു വര്‍ഷം ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തു. ഇതിനിടെ ഒരുപാട് പി എസ് സി ലിസ്റ്റില്‍ ഇടം നേടി. ഡിഗ്രി വിഭാഗം പരീക്ഷകളായ എസ് ഐ, കമ്പനി ബോര്‍ഡ് കോര്‍പറേഷനിലെല്ലാം നിയമന ശിപാര്‍ശ ലഭിച്ചിട്ടുണ്ട്. പത്തോളം പി എസ് സിയില്‍ പത്തിന് താഴെയാണ് റാങ്ക്. ഏത് തിരഞ്ഞെടുക്കണമെന്ന ബുദ്ധിമുട്ടായിരുന്നു പിന്നീട്. അവസാനം രണ്ടാം റാങ്ക് നേടിയ ജയില്‍ സൂപ്രണ്ട് തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സില്‍ ഒമ്പതാം റാങ്കും ലഭിച്ചിട്ടുണ്ട്.

പി എസ് സി എന്നത് അറിവിന് വേണ്ടി പഠിക്കരുത്, ജോലിക്ക് വേണ്ടി പഠിക്കണം. പി എസ് സിയുടെ ട്രെന്‍ഡ് മനസ്സിലാക്കി പഠിച്ചാല്‍ പെട്ടെന്ന് ജോലി കിട്ടും. ഇതിന് ആദ്യം ചോദ്യ പേപ്പര്‍ വിശകലനം ചെയ്തുള്ള പഠന രീതിയാണ് പിന്തുടരേണ്ടതെന്നാണ് മന്‍സൂര്‍ അലിക്ക് പുതു തലമുറയോട് പറയാനുള്ളത്. ഭാര്യ: ഫിദ (എം ഐ സി എല്‍ പി സ്‌കൂള്‍ വള്ളുവമ്പ്രം). മകന്‍: ദമിന്‍.

Latest