പികെ ശശി എംഎല്‍എയെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്റ് ചെയ്തു

Posted on: November 26, 2018 12:00 pm | Last updated: November 26, 2018 at 6:39 pm

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പികെ ശശി എംഎല്‍എയെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്‌പെന്റ് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് നടപടിയെടുത്തത്. ജില്ലാ കമ്മറ്റി അംഗമായ ശശിയെ കീഴ് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിക്കൊണ്ടുള്ള നടപടിയെ ഉണ്ടാകുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണിപ്പോള്‍

പികെ ശശി പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധം പാര്‍ട്ടി പ്രവര്‍ത്തകയോട് സംസാരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പികെ ശശിയെ ആറ് മാസത്തേക്ക് സസ്പന്റ് ചെയ്തുവെന്നും കേന്ദ്ര കമ്മറ്റിയുടെ ആംഗീകാരത്തിന് വിധേമായി നടപടി നടപ്പിലാക്കുമെന്നും സിപിഎം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ പരാതി പുറത്തുവരുന്നതിന് ഗൂഢാലോചന നടത്തിയെന്ന പികെ ശശിയുടെ പരാതിയില്‍ നടപടിയുണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പികെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.അതേ സമയം ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോടെ ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഫോണ്‍ സംഭാഷണം മുഖ്യതെളിവായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന അന്വേഷണ കമ്മീഷന്‍ അംഗമായ എകെ ബാലന്റെ വാദം മറ്റൊരു അംഗമായ പികെ ശ്രീമതി തള്ളി. ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവാണ് പികെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്.