മുംബൈ ആക്രമണം; വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 35 കോടിയുടെ ഇനാം പ്രഖ്യാപിച്ച് അമേരിക്ക

Posted on: November 26, 2018 10:58 am | Last updated: November 26, 2018 at 12:31 pm

വാഷിംഗ്ടണ്‍: 2008ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണം ആസൂത്രണം ചെയ്യുകയോ അതിന്റെ ഭാഗമാവുകയോ ചെയ്തവരെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് അമേരിക്ക. അഞ്ചു ദശലക്ഷം ഡോളര്‍ (35 കോടിയില്‍ പരം രൂപ) ആണ് ഇനാം തുക. മുംബൈ ആക്രമണത്തിന്റെ പത്താം വാര്‍ഷിക വേളയിലാണ് യു എസിന്റെ പ്രഖ്യാപനം. യു എസ് ഭരണകൂടത്തിന്റെ ഭാഗമായ സ്റ്റേറ്റ് റിവാഡ്‌സ് ഫോര്‍ ജസ്റ്റിസ് (ആര്‍ എഫ് ജെ) ആണ് തുക പ്രഖ്യാപിച്ചത്.

ആറു യു എസ് വിനോദ യാത്രക്കാര്‍ ഉള്‍പ്പടെ 166 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ പൈശാചികമെന്നാണ് യു എസ് സ്റ്റേറ്റ് സെക്ര. മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്‌കര്‍ ഇ ത്വയ്യിബ പോലുള്ള സംഘടനകള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ പാക്കിസ്ഥാന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ കഴിയാത്തത് ജീവന്‍ നഷ്ടപ്പെട്ടവരോടും അവരുമായി ബന്ധപ്പെട്ടവരോടും കാണിക്കുന്ന അധിക്ഷേപമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നതായും ഇന്ത്യന്‍ ജനതയോടും മുംബൈ നഗരത്തോടുമുള്ള യു എസിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും പോംപിയോ പറഞ്ഞു.

2018 നവം: 26ന് ഭീകരാക്രമണം നടത്തിയ പത്തില്‍ ഒമ്പതു പേരെയും സൈന്യം വെടിവെച്ചു കൊന്നിരുന്നു. പിടിയിലായ അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റുകയും ചെയ്തു. എന്നാല്‍ ആക്രമണത്തിന്റെ ആസൂത്രകരെ ഇതേവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.