വികസനത്തിന്റെ രാഷ്ട്രീയം; നിഷ്പക്ഷതയുടെയും

പൊതുജീവിതത്തിന്റെ അവസാനഘട്ടത്തിലെ ചില വിവാദങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ആര്‍ എസ് എസ് മേധാവിയായ മോഹന്‍ ഭാഗവതുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ വിവാദ കോലാഹലങ്ങള്‍. മോഹന്‍ ഭാഗവതിനെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പ് തോന്നേണ്ടതില്ലെന്ന ജഅ്ഫര്‍ ശരീഫിന്റെ പ്രസ്താവനയാണ് കര്‍ണാടക കോണ്‍ഗ്രസ് ഘടകത്തിലും ദേശീയ നേതൃത്വത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചത്.
Posted on: November 26, 2018 10:41 am | Last updated: November 26, 2018 at 11:50 am

കോണ്‍ഗ്രസിന്റെ ശക്തിയും സൗകുമാര്യവുമായി നിലകൊണ്ടിരുന്ന നേതാവിനെയാണ് ചല്ലക്കര കരീം ജഅ്ഫര്‍ ശരീഫ് എന്ന സി കെ ജഅ്ഫര്‍ ശരീഫിന്റെ നിര്യാണത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ അനവരതം പോരാടുകയും ചെയ്ത വ്യക്തിയായാണ് ശരീഫ് ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ അടയാളപ്പെട്ടത്. എല്ലാ വിഭാഗം ആളുകളെയും ഒരു പോലെ നോക്കിക്കാണുക വഴി മതനിരപേക്ഷ സമീപനത്തിന്റെ വേറിട്ട മുഖമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു.

കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എസ് നിജലിംഗപ്പയുടെ കീഴിലാണ് ജഅ്ഫര്‍ ശരീഫ് രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു നിജലിംഗപ്പ. ഇന്ദിരാഗാന്ധി സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് വരെ എത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഇന്ദിരാഗാന്ധിയോടുള്ള പിണക്കവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും 1969ല്‍ കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്ക് കലാശിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നിജലിംഗപ്പ പല ഘട്ടങ്ങളിലും നടത്തിയിരുന്നത്. അടിയന്തരാവസ്ഥക്കെതിരെയും ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. നിജലിംഗപ്പയുടെ പ്രോത്സാഹനവും പ്രേരണയും ജഅ്ഫര്‍ ശരീഫിലെ രാഷ്ട്രീയ നേതാവിനെ വളര്‍ത്തുകയായിരുന്നുവെന്ന് പറയുന്നതായിരിക്കും ശരി.
1991 മുതല്‍ 1995 വരെ പി വി നരസിംഹറാവു മന്ത്രിസഭയിലാണ് ജഅ്ഫര്‍ ശരീഫ് റെയില്‍വെ വകുപ്പിന്റെ ചുമതല കൈയാളിയത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം ചക്രശ്വാസം വലിച്ചിരുന്ന ഇന്ത്യന്‍ റെയില്‍വെ മേഖലയെ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ജഅ്ഫര്‍ ശരീഫ് നടപ്പാക്കിയ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ഉപകരിച്ചുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വശംവദനാകാതെ സത്യസന്ധതയും ആത്മാര്‍ഥതയും മുറുകെപ്പിടിച്ചാണ് നരസിംഹറാവു മന്ത്രിസഭയില്‍ ജഅ്ഫര്‍ ശരീഫ് റെയില്‍വെ വകുപ്പിന്റെ ചുമതല വഹിച്ചത്. ഇന്ത്യന്‍ റെയില്‍വെയുടെ സര്‍വതോന്മുഖമായ വികസനത്തിനും സമൂലമായ പരിവര്‍ത്തനത്തിനും അസ്തിവാരം കുറിച്ച ഗേജ് മാറ്റം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. കര്‍ണാടകയിലും റെയില്‍വേ ഗേജ് മാറ്റം ഉള്‍പ്പെടെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമായത് ജഅ്ഫര്‍ ശരീഫിന്റെ ഭരണകാലത്താണ്. റെയില്‍വെ ട്രാക്കുകളുടെ വിവിധ തലങ്ങളെ ഒന്നോ അതിലധികമോ ഗേജുകളിലേക്ക് മാറ്റുക വഴി റെയില്‍വെ മേഖലയില്‍ സാമ്പത്തികമായ കുതിപ്പുണ്ടാക്കാന്‍ അദ്ദേഹത്തിന്റെ നടപടികളിലൂടെ സാധിച്ചു. ബെംഗളൂരുവില്‍ വീല്‍ ആന്‍ഡ് ആക്‌സില്‍ പ്ലാന്റ് ലഭ്യമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായ വികസന കാഴ്ചപ്പാടാണ് അദ്ദേഹം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികളുടെ പോലും മുക്തകണ്ഠമായ പ്രശംസയും ആദരവും നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
എച്ച് ഡി ദേഗവൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എം പി ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച അപൂര്‍വം പാര്‍ലിമെന്റംഗങ്ങളില്‍ ഒരാളായി മാറാന്‍ ജഅ്ഫര്‍ ശരീഫിന് സാധിച്ചു. മണ്ഡലത്തിലെ ശോച്യാവസ്ഥയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതുക്കിപ്പണിയാനും കമ്പ്യൂട്ടര്‍ സാക്ഷരത വ്യാപിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കമ്പ്യൂട്ടര്‍ സെന്ററുകള്‍ക്കുമായിരുന്നു എം പി ഫണ്ട് ഏറെയും അദ്ദേഹം ഉപയോഗിച്ചിരുന്നത്. ദേശീയ തലത്തില്‍ ഭരണ രംഗത്തും രാഷ്ട്രീയ മേഖലയിലും ജഅ്ഫര്‍ ശരീഫിന് ശ്രദ്ധേയമായ ഇടം ഉണ്ടാക്കിക്കൊടുക്കാന്‍ എം പി ഫണ്ടിന്റെ ഫലപ്രദവും കാര്യക്ഷമവുമായ വിനിയോഗം സഹായകരമായി. ബെംഗളൂരു നോര്‍ത്ത്, കനകപുര എന്നീ മണ്ഡലങ്ങളില്‍ നിന്ന് ഏഴ് തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. ഒരു ഘട്ടത്തില്‍ നിയമനടപടിക്കും അദ്ദേഹത്തിന് വിധേയനാകേണ്ടി വന്നിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. വിദഗ്ധ ചികിത്സക്ക് ലണ്ടനില്‍ പോയപ്പോള്‍ റെയില്‍വെ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ഒപ്പം കൊണ്ടു പോയതിനാണ് അദ്ദേഹത്തിനെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2012ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.

പൊതുജീവിതത്തിന്റെ അവസാനഘട്ടത്തിലെ ചില വിവാദങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ആര്‍ എസ് എസ് മേധാവിയായ മോഹന്‍ ഭാഗവതുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ വിവാദ കോലാഹലങ്ങള്‍. മോഹന്‍ ഭാഗവതിനെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പ് തോന്നേണ്ടതില്ലെന്ന ജഅ്ഫര്‍ ശരീഫിന്റെ പ്രസ്താവനയാണ് കര്‍ണാടക കോണ്‍ഗ്രസ് ഘടകത്തിലും ദേശീയ നേതൃത്വത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുമായി ശരീഫ് അല്‍പ്പം അകല്‍ച്ചയിലായിരുന്നു. കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിന്ന് പലപ്പോഴും തഴയുകയും കൂടിയാലോചനകളില്‍ ഭാഗഭാക്കാക്കാതിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് ജഅ്ഫര്‍ ശരീഫ്, സിദ്ധരാമയ്യയുമായി അകന്നത്. മോഹന്‍ ഭാഗവതിന് അനുകൂലമായ പ്രസ്താവന നടത്തി പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമായ നിലപാടെടുത്ത ജഅ്ഫര്‍ ശരീഫ് ബി ജെ പിയിലേക്ക് പോകുന്നുവെന്ന പ്രചാരണവും കര്‍ണാടക രാഷ്ട്രീയത്തില്‍ അന്ന് സജീവ ചര്‍ച്ചയായി.
എന്നാല്‍, താന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് വ്യക്തമാക്കിയ ജഅ്ഫര്‍ ശരീഫ് കോണ്‍ഗ്രസില്‍ അടിയുറച്ച് നിന്ന പാരമ്പര്യമാണ് തനിക്കുള്ളതെന്നും വിശദീകരിക്കുകയുണ്ടായി. 1933 നവംബര്‍ മൂന്നിന് കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ചല്ലക്കരയിലായിരുന്നു ജഅ്ഫര്‍ ശരീഫിന്റെ ജനനം. മൗലാന അബുല്‍ കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയുടെ പണിപ്പുരയിലായിരുന്നു ജീവിതത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹം. 28ന് പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു.