പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി ഇന്ന് നടപടിയെടുത്തേക്കും

Posted on: November 26, 2018 10:03 am | Last updated: November 26, 2018 at 12:03 pm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശി എംഎല്‍എക്കെതിരെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന കമ്മറ്റി നടപടിയെടുത്തേക്കും. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശശിക്കെതിരായ നടപടി തരംതാഴ്ത്തലില്‍ ഒതുങ്ങാനാണ് സാധ്യത. പരാതി പുറത്ത് വന്നതിലെ ഗൂഢാലോചന സംബന്ധിച്ച് ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടാകും.

വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മറ്റി ശശിക്കെതിരായ പരാതി ചര്‍ച്ച ചെയ്തിരുന്നില്ല. ശശി നയിക്കുന്ന ജാഥ പുരോഗമിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ ജാഥ ഇന്നലെ സമാപിച്ച സാഹചര്യത്തില്‍ ഇന്ന് ചേരുന്ന കമ്മറ്റി അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കും. പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടി ഉണ്ടാകാത്തതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ജില്ലാ കമ്മറ്റി അംഗമാണ് ശശി.