Connect with us

Kerala

ശബരിമല: നിരോധനാജ്ഞ ഇന്ന് അവസാനിക്കും; നീട്ടുന്ന കാര്യത്തില്‍ തീരുമാനം വൈകിട്ടോടെ

Published

|

Last Updated

പമ്പ: ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കും. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തില്‍ നിരോധനാജ്ഞ നീ്ട്ടണമെന്ന നിലപാടായിരിക്കും പോലീസ് സ്വീകരിക്കുക. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇക്കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടാവുക.

രണ്ട് ദിവസങ്ങളിലായ നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയതിന് 90 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിജിപിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗം നിരോധനാജ്ഞ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നാലു ദിവസത്തേക്ക് മാത്രമാണ് ദീര്‍ഘിപ്പിച്ചത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു ജില്ലാ ഭരണകൂടമെങ്കിലും രണ്ട് ദിവസമായി ശബരിമലയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ നിരോധനാജ്ഞ തുടരേണ്ടിവരുമെന്ന സ്ഥിതിയാണു സംജാതമാക്കിയിരിക്കുന്നത്. നിരോധനാജ്ഞക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ മറ്റൊരു പോംവഴിയില്ലെന്ന നിലപാടിലാണ് പോലീസ്.

Latest