ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു

Posted on: November 26, 2018 8:41 am | Last updated: November 26, 2018 at 12:03 pm

തിരുവനന്തപുരം: ജലവിഭവ മന്ത്രി മാത്യു ടി തോമസ് രാജിവെച്ചു. ക്ലിഫ്ഹൗസിൽ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. കെ കൃഷ്ണൻ കുട്ടിയെ മന്ത്രിയാക്കാൻ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് മാത്യു ടി തോമസ് ഒഴിഞ്ഞത്.

തന്റെ രാജി ഉപാധികളില്ലാതെയാണെന്നും പാര്‍ട്ടി പിളരില്ലെന്നും രാജിവെച്ച ശേഷം മാധ്യമങ്ങളെ കണ്ട മാത്യു ടി തോമസ് പറഞ്ഞു. എംഎല്‍എ എന്ന നിലയിലും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. പുതിയ മന്ത്രിക്ക് നല്ല പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കെ ക്യഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് അഞ്ചിന് നടക്കുമെന്നാണറിയുന്നത്. ഗവര്‍ണറുടെ സമയംകൂടി പരിഗണിച്ചാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ചൊവ്വാഴ്ച നിയമസഭ ചേരുന്നതിനാല്‍ മന്ത്രി സ്ഥാനം ഒഴിച്ചിടാനാകില്ല. മാത്യു ടി തോമസ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെയാകും ക്യഷ്ണന്‍കുട്ടി കൈകാര്യം ചെയ്യുക. ഇത് രണ്ടാം തവണയാണ് കാലാവധി തീരുന്നതിന് മുമ്പ് മാത്യു ടി തോമസിന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരുന്നത്.