അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ്: മലയാളിയായ പ്രതി അറസ്റ്റില്‍

Posted on: November 25, 2018 6:55 pm | Last updated: November 26, 2018 at 12:31 pm

ന്യൂഡല്‍ഹി: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ പ്രതിയായ മലയാളി പിടിയില്‍. കൊയിലാണ്ടി സ്വദേശി സുരേഷ് നായരെ ആണ് ഗുജറാത്ത് ഭീകര വിരുദ്ധ സേന പിടികൂടിയത്. സ്‌ഫോടനത്തിനായി ബോംബ് എത്തിച്ചത് സുരേഷ് നായരാണെന്ന് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

ഗുജറാത്തിലെ ബറൂച്ചില്‍വെച്ചാണ് സുരേഷ്‌നായര്‍ പിടിയിലായത്. നര്‍മദ തീരത്തെ തീര്‍ഥാടന കേന്ദ്രമായ ശുക്ള്‍തീര്‍ഥ് സന്ദര്‍ശിക്കാനായി ഇയാള്‍ എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ വലയിലായത്. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അജ്മീര്‍ സഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളില്‍ ഒരാളായിരുന്നു സുരേഷ്. സന്ദീപ് ഡാങ്കേ, രാമചന്ദ്ര എന്നിവരാണ് മറ്റു രണ്ടുപേര്‍.

2007 ഒക്‌ടോബര്‍ 11ന് അജ്മീര്‍ ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വിശുദ്ധ റമസാനില്‍ മഗ്രിബ് നിസ്‌കാരം കഴിഞ്ഞ ഉടനായിരുന്നു സ്‌ഫോടനം. ടിഫിന്‍ ബോക്‌സില്‍ അടച്ച സഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. കേസില്‍ രണ്ട് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജീവനപര്യന്തം തടവ് ശിക്ഷ നല്‍കിയിരുന്നു. ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സ്വാമി അസീമാനന്ദ അടക്കം 7 പേരെ സംശയത്തിന്റെ ആനൂകൂല്യത്തില്‍ കോടതി വിട്ടയച്ചിരുന്നു.