Connect with us

Kerala

അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജെഡിഎസില്‍ തര്‍ക്കം രൂക്ഷം ; മാത്യു ടി തോമസ് വിഭാഗത്തിന്റെ യോഗം നാളെ

Published

|

Last Updated

കോഴിക്കോട്: മന്ത്രിസ്ഥാനം വെച്ച് മാറുന്നത് സംബന്ധിച്ച് ജനതാദള്‍ എസില്‍ ഭിന്നിപ്പ് നിലനില്‍ക്കെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ പുതിയ തര്‍ക്കം ഉടലെടുക്കുന്നു. തന്നെയോ സികെ നാണുവിനേയോ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് മാത്യു ടി തോമസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ദേശീയ നേത്യത്വത്തെ കൂട്ടുപിടിച്ച് നീലലോഹിത ദാസനെ പ്രസിഡന്റാക്കാനാണ് കൃഷ്ണന്‍കുട്ടി വിഭാഗം നീക്കം നടത്തുന്നത്. അതേ സമയം നീലനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടി വിടാനും മടിക്കില്ലെന്ന് മാത്യു ടി തോമസ് ഭീഷണി മുഴക്കിക്കഴിഞ്ഞു.

പാര്‍ട്ടിയിലെ മാത്യു ടി തോമസ് അനുകൂലികള്‍ നാളെ കൊച്ചയില്‍ യോഗം ചേരുന്നുണ്ട്. കെ കൃഷ്ണന്‍കുട്ടി സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോള്‍ നീലനെ കൊണ്ടുവരുന്നതിനോട് ദേശീയ സെക്രട്ടറി ഡാനിഷ് അലിക്കും അനുകൂല സമീപനമാണുള്ളതെന്നറിയുന്നു. ഈ സാഹചര്യത്തില്‍ മാത്യു ടി തോമസ് അനുകൂലികളുടെ നാളത്തെ യോഗം ഏറെ നിര്‍ണായകമാകും. ജോസ് തെറ്റയില്‍, ജോര്‍ജ് തോമസ് എന്നിവരും അഞ്ച് ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. ഡാനിഷ് അലിക്കെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശമുയര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ഡാനിഷ് അലി സാമ്പത്തിക താല്‍പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന വികാരം മാത്യു ടി തോമസ് വിഭാഗത്തിനുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഇരു വിഭാഗത്തിനുമിടയില്‍ അനുരജ്ഞനമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. തന്നെ മന്ത്രി സ്ഥാനത്തുനിന്നും നീക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് മാത്യു ടി തോമസിനുണ്ട്.