അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നില്ലെങ്കില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കില്ല: ഉദ്ധവ് താക്കറെ

Posted on: November 25, 2018 12:01 pm | Last updated: November 25, 2018 at 3:29 pm

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നില്ലെങ്കില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ നിലനില്‍ക്കില്ലെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. ബി ജെ പി അധികാരത്തിലിരുന്നാലും ഇല്ലെങ്കിലും ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്നും ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്ര നിര്‍മാണം എന്നു തുടങ്ങുമെന്ന് കൃത്യമായി പറയാന്‍ കേന്ദ്രത്തിലും യു പിയിലും അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് ഇന്നലെ അയോധ്യയിലെ ലക്ഷ്മണ്‍ ക്വിലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു താക്കറെ പറഞ്ഞിരുന്നു. നിങ്ങള്‍ തീയ്യതി പറയൂ, അതു ഇന്നുതന്നെ വേണം എന്നായിരുന്നു അന്ത്യശാസനം.

അടല്‍ ബിഹാരി വാജ്പയിയുടെ കാലത്ത് അതു കുറച്ച് പ്രയാസമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ശക്തമാണ്. ക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയോ നിയമം നിര്‍മിക്കുകയോ വേണമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.