Connect with us

Articles

എന്ന് സാധ്യമാകും, ശുഭയാത്ര?

Published

|

Last Updated

നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ മലയാളികള്‍ പ്രതിവര്‍ഷം വാഹന അപകട മരണങ്ങള്‍ക്ക് വിധേയമാകുന്നു എന്ന വാര്‍ത്തപോലും പൊതു സമൂഹത്തില്‍ ഇന്ന് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ദാരുണമായ അപകടത്തിന്റെ ആഘാതമേല്‍ക്കാത്ത മലയാളി കുടുംബങ്ങളെ കണ്ടെത്തുക ഇന്ന് പ്രയാസമാണ്. നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യക്കുറവാണോ? അതോ നിയമങ്ങള്‍ നടപ്പാക്കുന്നതിലെ അപാകമാണോ? കാരണമെന്തായാലും അപകട മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇന്നും നമുക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

വാഹന അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ വാഹനം ഓടിച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ പോലും പരമാവധി രണ്ട് വര്‍ഷം വരെയാകാവുന്ന തടവും പിഴ ശിക്ഷയുമാണ് കോടതിക്ക് വിധിക്കാനാവുക. പലപ്പോഴും തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നതാണ് കണ്ട് വരുന്നത്. അപകടം സംഭവിച്ച സ്ഥലത്തെ ദൃക്‌സാക്ഷികള്‍ക്ക് ഇരകളോട് പ്രത്യേക താത്പര്യമില്ലാത്തതിനാല്‍ വിചാരണാ വേളകളില്‍ അത്തരം സാക്ഷികള്‍ പലപ്പോഴും പ്രോസിക്യൂഷനെതിരായി മൊഴി നല്‍കുന്നതും സാധാരണയാണ്.

കേസ് നടത്തിപ്പാകട്ടെ വാഹന ഉടമകളുടെ ചുമതലയാകയാല്‍ ആയതിന്റെ ഉത്തരവാദിത്വവും പ്രതികള്‍ക്കില്ല. താരതമ്യേന നിസാരമായ പരുക്കുകള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 337 ാം വകുപ്പും ഗുരുതര പരുക്കുകള്‍ക്ക് 338 ാം വകുപ്പും അശ്രദ്ധമായ െ്രെഡവിംഗിന് 279 ാം വകുപ്പുമാണ് ചുമത്താറ്. കൂടാതെ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ 185ാം വകുപ്പും ചുമത്തി വരുന്നു. എന്നാല്‍ ഇത്തരം കേസുകളിലൊക്കെ പ്രതികള്‍ക്ക് അഭിഭാഷകന്റെ പോലും സാന്നിധ്യമില്ലാതെ നേരിട്ട് ഹാജരായി കുറ്റം സമ്മതിച്ച് പിഴ ഒടുക്കാമെന്നതിനാല്‍ പൊതു സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരവത്കരിക്കപ്പെടുകയാണ്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പോലീസ് സ്വീകരിക്കുന്ന കര്‍ശന നടപടി കാരണം ഒരു പരിധി വരെ നിയന്ത്രണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം കുറ്റകൃത്യവും പൂര്‍ണമായും ഒഴിവാക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ 2016 ല്‍ നടന്ന റോഡപകടങ്ങളില്‍ 3,659 പേര്‍ കൊല്ലപ്പെട്ടത് െ്രെഡവര്‍മാരുടെ അശ്രദ്ധ കൊണ്ടു മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. ബസ്, ലോറി തുടങ്ങിയ ഉയരം കൂടിയ വാഹനം ഓടിക്കുന്നവര്‍ കാറും ബൈക്കും തട്ടിയാല്‍ തനിക്കൊന്നും പറ്റില്ലെന്ന വിശ്വാസത്തില്‍ കാറും ബൈക്കും കടന്നു പോകുമ്പോള്‍ അവഗണനയോടു കൂടിയാണ് കാണുക. കേരളത്തില്‍ പ്രതിദിനം ശരാശരി 12 പേരുടെ ജീവന്‍ റോഡില്‍ പൊലിയുന്നുവെന്നാണ് കണക്ക്.

മോട്ടോര്‍ വാഹന നിയമപ്രകാരം ഹെവിഗുഡ്‌സ് വെഹിക്കിളില്‍ ഒരു െ്രെഡവറും ഒരു ഹെല്‍പ്പറും നിര്‍ബന്ധമാണ്. ഈ നിയമം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാബല്യത്തിലുള്ളതാണ്. ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ആറ് ചക്രവാഹനവും ട്രെയിലറും മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. പിന്നീടത് 10 ചക്രം, 12 ചക്രം, 14 ചക്രം എന്നീ വാഹനങ്ങളിലായി രൂപ മാറ്റം സംഭവിച്ചു. ഏഴ് അടിയിലുള്ള വാഹനങ്ങള്‍ക്ക് െ്രെഡവറും ഹൈല്‍പ്പറും നിര്‍ബന്ധമാണ്.

ഇപ്പോള്‍ കാണുന്ന 10,12,14 ചക്രവാഹനങ്ങളില്‍ െ്രെഡവര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. നിരന്തരം െ്രെഡവിംഗ് ചെയ്യുന്നത് കൊണ്ടും വാഹനത്തിന്റെ ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നതിന്റെ അഭാവം കൊണ്ടും അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. പകലും രാത്രിയും ഒരു പോലെ ഉറക്കം ഒഴിച്ച് െ്രെഡവ് ചെയ്യുന്നതുമൂലവും അപകടം പെരുകുന്നു.

പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അലംഭാവം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായി തീര്‍ന്നിട്ടുണ്ട്. കടുത്ത നിയമ ലംഘനം ഉണ്ടാകുമ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ പറഞ്ഞ് വിടുന്നത് വലിയ പാതകമാണ്. മിക്ക കമ്പനികളിലെയും ചരക്ക് ലോറികളിലും ടാങ്കര്‍ പോലുള്ള ഭാരവാഹനങ്ങളിലും സഹായികളില്ലാതെ െ്രെഡവര്‍മാര്‍ മാത്രം പോകുന്നത് സ്ഥിരം പ്രവണതയായി മാറിയിരിക്കുകയാണ്. വാഹനങ്ങളില്‍ ബത്ത അടിസ്ഥാനത്തിലാണ് വേതനം. ്രൈഡവര്‍ മാത്രം പോകുകയാണെങ്കിലും ്രൈഡവറും ഹെല്‍പ്പറും പോവുകയാണെങ്കിലും ഒരേ ബത്തയായതിനാല്‍ ഒട്ടുമിക്ക വാഹനത്തിലും ഇപ്പോള്‍ െ്രെഡവര്‍ മാത്രം പോകുന്ന പ്രവണതയാണുള്ളത്. ഇതുമൂലം നിരവധി ക്ലീനര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.

മുമ്പ്, വാഹനങ്ങളില്‍ ഹെല്‍പ്പറായി വന്ന് െ്രെഡവറായി പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഇന്ന് കാണുന്ന പല െ്രെഡവര്‍മാരും നാല് ചക്രത്തില്‍ നിന്നും നേരിട്ട് 10,12,14 ചക്രവാഹനത്തിലേക്ക് വരികയാണ്. ഇതും അപകടം വര്‍ധിക്കുന്നതിന് കാരണമാകുന്നു. നാഷനല്‍ പെര്‍മിറ്റ് വാഹനത്തില്‍ രണ്ട് െ്രെഡവര്‍മാരും ഹെല്‍പ്പറും നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ ഗ്യാസ് ടാങ്കര്‍ ലോറികളില്‍ വരെ ഒരു െ്രെഡവര്‍ മാത്രം പോകുന്ന കാഴ്ച പതിവായിരിക്കുകയാണ്. െ്രെഡവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായാല്‍ എന്താണ് സ്ഥിതി? സ്ഥിരമായി ഉറക്കമൊഴിച്ച് ഒറ്റക്കുള്ള യാത്ര അപകടങ്ങള്‍ വരുത്തി വെക്കുന്നു.

പോലീസ് പിടികൂടുമെന്ന് ഭയന്ന് വാഹനത്തിന്റെ സപീഡ് കൂട്ടുന്നതിനാലും അപകടം സംഭവിക്കാറുണ്ട്. പോലീസിന്റെ സഹായമില്ലാതെ ക്യാമറ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ ട്രാഫിക് വളരെ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നു. താങ്ങാവുന്നതിലധികം ഫൈന്‍ തുക വരുന്നതിനാല്‍ വളരെ സൂക്ഷ്മതയോടെ മാത്രമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വാഹനം ഓടിക്കാറുള്ളത്. അതിനാല്‍ വാഹന അപകടങ്ങളും താരതമ്യേന കുറവാണ്.

കേരളത്തിലെ നിലവിലുള്ള റോഡ് സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടസാധ്യത വര്‍ധിക്കുന്നതിന് കാരണമാണ്. ദൂര യാത്രക്കു മാത്രമായി പ്രത്യേക റോഡുകള്‍ ആവശ്യമാണെന്ന തിരിച്ചറിവുണ്ടായിട്ടും പല ഭാഗങ്ങളിലും സ്ഥലങ്ങള്‍ വിട്ടു നല്‍കുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുകയാണ്. ഏക്കറുകള്‍ കൈവശമുള്ളവനെയും അഞ്ച് സെന്റ് കൈവശമുള്ളവനെയും ഒരേ മാനദണ്ഡം വെച്ച് അളക്കുന്നത് നീതീകരിക്കാവുന്നതല്ല. അഞ്ച് സെന്റ് സ്ഥലം മാത്രമുള്ളവന് സ്ഥലത്തിന്റെ വിലക്കു പുറമെ വീട് വെക്കാനുള്ള തുകയും കൂടി നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഭൂമി വിട്ടു നല്‍കാന്‍ ജനം താത്പര്യപ്പെടുകയുള്ളൂ. ഇപ്പോള്‍ പാര്‍ലമെന്റ് പാസ്സാക്കിയ The right to fair Compensation and Transparency in Land Acquistion, Rehabilitation and Resettlement Act ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കൃത്യമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് സഹായകമാകുന്നു.

അപകടങ്ങള്‍ കുറക്കാന്‍ റോഡ് സൗകര്യങ്ങള്‍ കൂട്ടുകയും ടാറിംഗ് സംവിധാനത്തില്‍ ആധുനിക രീതി ഉപയോഗിക്കുകയും വേണം. പല സ്ഥലങ്ങളിലും റോഡിന്റെ ആയുര്‍ ദൈര്‍ഘ്യം കുറവാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വെട്ടിച്ചെടുക്കുന്നതിനാലും കാണാന്‍ കഴിയാത്ത ഹമ്പ് കാരണവും സംഭവിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. ഓരോ കുടുംബവും വാഹനമെടുത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന കുടുംബാംഗങ്ങളെ നെടുവീര്‍പ്പോടെയാണ് യാത്രയയക്കുന്നത്. ഈ ദുസ്ഥിതി മാറ്റാന്‍ നിയമ സംവിധാനവും അടിസ്ഥാന സൗകര്യ മേഖലയും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. എല്ലാം സര്‍ക്കാറിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കാതെ ഓരോരുത്തരും ഉയര്‍ന്ന പൗരബോധം ഉയര്‍ത്തിപ്പിടിക്കുകയും വേണം. റോഡില്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം.

---- facebook comment plugin here -----

Latest