ഗോവയില്‍ ഭരണസ്തംഭനം: പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം

Posted on: November 24, 2018 10:18 pm | Last updated: November 25, 2018 at 10:30 am

പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രോഗബാധിതനായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുന്നു. ഗവര്‍ണര്‍ മൃദുല സിന്‍ഹ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 21 ന് സംസ്ഥാനത്ത് മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്ന് ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ വസതിക്ക് മുന്നിലേക്ക് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി നടന്നിരുന്നു.

അതേസമയം, വിവരാവകാശ പ്രവര്‍ത്തകന്‍ രാജന്‍ ഘാട്ടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ എട്ട് ദിവസമായി നിരാഹാരസമരം നടത്തി വരികയാണ്. ‘കഴിഞ്ഞ ഒമ്പത് മാസമായി മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രോഗബാധിതനാണ്. ആ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭരണ സ്തംഭനം നടക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇടപെടാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ട്. പക്ഷേ അവര്‍ നിശബ്ദമായി എല്ലാം വീക്ഷിക്കുകയാണ്. മന്ത്രിമാര്‍ പറയുന്നതാണ് അവര്‍ കേള്‍ക്കുന്നത്.’ പ്രക്ഷോഭത്തിന്റെ നേതാവും പ്രവര്‍ത്തകനുമായ ആരിസ് റോഡ്രിഗ്‌സ് പറഞ്ഞു.

ഭരണ പുനഃസ്ഥാപനത്തിനായുള്ള ജനകീയ മാര്‍ച്ചില്‍ അസുഖബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന പരീക്കര്‍ 48 മണിക്കൂറിനകം രാജി വെക്കണമെന്നും സംസ്ഥാനത്ത് ഭരണം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. നൂറോളം വരുന്ന സംഘമാണ് വസതിയിലേക്ക് മാര്‍ച്ച് ചെയ്തത്. കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും സമരത്തില്‍ അണിചേര്‍ന്നിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്. ഒമ്പത് മാസത്തിലേറെയായി മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു. ഒരു കിലോമീറ്ററോളം മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ വീടിന്റെ 100 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചില ഉദ്യോഗസ്ഥരും പ്രത്യേക താത്പര്യമുള്ള നേതാക്കളുമാണ് ഭരണം നടത്തുന്നതെന്നാണ് സമരക്കാരുടെ ആരോപണം.
ഇതിനിടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിലേക്ക് തിരികെ എത്തുകയാണെന്നും സര്‍ക്കാറിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കുറേ മാസങ്ങളായി പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയില്‍ നടന്ന വിദഗ്ധ ചികിത്സക്ക് ശേഷം അദ്ദേഹം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനാണ് പരീക്കര്‍ ഗോവയിലെത്തിയത്. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജി വെച്ചാണ് ഗോവന്‍ മുഖ്യമന്ത്രിയായത്.