പീഡന പരാതി; യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകന് സസ്‌പെന്‍ഷന്‍

19 പെണ്‍കുട്ടികളുടെ പരാതി ലഭിച്ചെന്ന് പ്രിന്‍സിപ്പല്‍
Posted on: November 24, 2018 10:01 pm | Last updated: November 25, 2018 at 10:30 am

മലപ്പുറം: സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയില്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അഫ്‌സല്‍ റഹ്മാനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തുവന്നത്. 19 പെണ്‍കുട്ടികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സ്‌കൂളില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ജി പ്രസാദ് പറഞ്ഞു. സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും എംഎസ്എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായിരുന്നു അഫ്‌സല്‍ റഹ്മാന്‍.

വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് 15 ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. നിയമം അനുശ്വാസിക്കുന്ന മുഴുവന്‍ നടപടികളും അധ്യകപകനെതിരെ ചുമത്താന്‍ നടപടി സ്വീകരിച്ചതായും ചൈല്‍ഡ്‌ലൈനും പോലീസിനും പരാതി നല്‍കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിന്് നല്‍കിയ പരാതിയും പോലീസിന് കൈമാറും. എന്‍എസ്എസ് ക്യാമ്പിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടികളുടെ പരാതി.

വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങളും നടത്തി. സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കി.