ഒടുവില്‍ ഹാദിയ- ഷെഫിന്‍ ജഹാന്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ്

Posted on: November 24, 2018 6:45 pm | Last updated: November 24, 2018 at 10:20 pm

കോഴിക്കോട്: ഏറെ കാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയുടെ അനുകൂല വിധി സ്വന്തമാക്കിയ ഹാദിയ- ഷെഫിന്‍ ജഹാന്‍ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ട്വിറ്ററിലൂടെ ഷെഫിന്‍ ജഹാനാണ് ഇക്കാര്യം അറിയിച്ചത്. നീതിക്ക് വേണ്ടിയുള്ള ഏറെ കാലത്തെ പോരാട്ടത്തിനൊടുവില്‍ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നായിരുന്നു ഷെഫിന്റെ ട്വീറ്റ്. സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോയും ഒപ്പം നല്‍കിയിട്ടുണ്ട്.

2016 ഡിസംബര്‍ 19നാണ് ഹാദിയയും ഷെഫിനും വിവാഹിതരായത്. പിറ്റേന്ന് തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. പിന്നീടാണ് വിവാഹം നിയമക്കുരുക്കില്‍ പെട്ടത്.

വൈക്കം സ്വദേശിനിയായ ഹാദിയയുടേയും കൊല്ലം സ്വദേശിയായ ഷെഫിന്റേയും വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിവാഹം റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി വന്നത്.