കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; പോലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാമെന്ന് കോടതി

Posted on: November 24, 2018 3:34 pm | Last updated: November 24, 2018 at 7:07 pm

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് 52 കാരി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ഗൂഢാലോചന ആയതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സുരേന്ദ്രന്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് കോടതി അനുവാദം നല്‍കിയത്. സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കളെ ഫോണ്‍ ചെയ്യാന്‍ കോടതി അനുമതി നല്‍കി.

ജയില്‍ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം.

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. അക്രമത്തില്‍ സുരേന്ദ്രനുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന ദ്യശ്യങ്ങള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതേസമയം സുരേന്ദ്രനെ കുടുക്കുന്നതിനായി സുരേന്ദ്രനെ പതിമൂന്നാം പ്രതിയാക്കി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.